പാരീസ്: ഗസയിൽ വംശഹത്യ നടക്കുന്ന സാഹചര്യത്തിൽ ഇസ്രഈലിന് ആയുധ വില്പന നടത്തുന്നത് ഫ്രഞ്ച് സർക്കാർ പുനപരിശോധിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും.
ഗസയിലെ മാനുഷിക ദുരന്തത്തിൽ ആശങ്ക നിലനിൽക്കെ ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതി മറ്റ് രാജ്യങ്ങൾ നിർത്തിവെച്ച മാതൃക ഫ്രാൻസും പിന്തുടരണമെന്നാണ് പ്രതിപക്ഷ പാർട്ടികളും ആക്ടിവിസ്റ്റുകളും ആവശ്യപ്പെടുന്നതെന്ന് ഫ്രാൻസ് 24 റിപ്പോർട്ട് ചെയ്തു.
ഫലസ്തീനികൾക്കെതിരായ യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നു എന്ന ആരോപണം നേരിടുകയാണ് ഫ്രഞ്ച് കമ്പനിയായ യൂറോഫറാഡ്.
2014ൽ ഫലസ്തീനിൽ ഷുഹൈബർ കുടുംബത്തിലെ കുട്ടികളെ കൊലപ്പെടുത്താൻ ഇസ്രഈലി സേന യൂറോഫറാഡിന്റെ മിസൈലുകളാണ് ഉപയോഗിച്ചിരുന്നത്.
പാരീസിലെ കോടതിയിൽ ‘യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നു’ എന്ന കേസിൽ കമ്പനിക്കെതിരെ വിചാരണ നടന്നുവരികയാണ്.
ഫ്രഞ്ച് പ്രതിരോധ കമ്പനികളായ ഡസോൾട്ട്, തെയ്ൽസ്, എം.ബി.ഡി.എ എന്നിവയും യെമനുമായുള്ള യുദ്ധത്തിന് യു.എ.ഇക്കും സൗദിക്കും ആയുധ വില്പന നടത്തിയതിനെ തുടർന്ന് ‘യുദ്ധക്കുറ്റത്തിന് കൂട്ടുനിന്നു’ എന്ന ആരോപണം നേരിടുന്നുണ്ട്.
ഇസ്രഈലിലേക്കുള്ള മുഴുവൻ ആയുധ വില്പനയും നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്രാൻസിലെ ആംനസ്റ്റി ഇന്റർനാഷണൽ മേധാവി ജീൻ ക്ലോഡ് സമൂയില്ലർ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് കത്തെഴുതിയിരുന്നു.
ഇസ്രഈലിലേക്കുള്ള ആയുധ കയറ്റുമതിയിൽ സർക്കാരിനെതിരെ പ്രതിപക്ഷ എം.പിമാരും രംഗത്ത് വന്നിരുന്നു.
ഇസ്രഈലിന് ലഭ്യമാക്കിയ ആയുധങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുന്ന പട്ടിക കൈമാറണമെന്നും പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ ആവശ്യപ്പെട്ടു.
Content Highlight: France under pressure to suspend military sales to Israel amid its genocidal war in Gaza