പാരിസ്: ലെബനനില്‍ ഇസ്രഈല്‍ ആക്രമണം ശക്തമാക്കുന്നതിനിടെ പശ്ചിമേഷ്യന്‍ രാജ്യത്തിന് സഹായവുമായി ഫ്രാന്‍സ്. ഒരു ദശലക്ഷത്തിലധികം ആളുകള്‍ പലായനം ചെയ്യുകയും 2500ലധികം ആളുകള്‍ മരിക്കുകയും ചെയ്ത ഒരു രാജ്യത്തിന് വലിയരീതിയിലുള്ള സഹായം ആവശ്യമാണെന്ന് പാരിസ് കോണ്‍ഫറന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. തുടര്‍ന്ന് ലെബനനെ പിന്തുണയ്ക്കാന്‍ 100 ദശലക്ഷം ഡോളര്‍ കൈമാറുമെന്നും ഫ്രാന്‍സ് അറിയിക്കുകയായിരുന്നു.
വ്യാഴാഴ്ച പാരിസ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ലെബനനില്‍ ആക്രമണം നടത്തുന്ന ഇസ്രഈല്‍ സൈന്യത്തെ വിമര്‍ശിക്കുകയും വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
ഫ്രാന്‍സ് 100 ദശലക്ഷം ഡോളര്‍ നല്‍കിയതുപോലെ ലെബനനെ പിന്തുണയ്ക്കാന്‍ മറ്റ് രാജ്യങ്ങളും മുന്നോട്ട് വരണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവയ്ക്ക് പുറമെ ലെബനന്‍ സായുധ സേനയെ ശക്തിപ്പെടുത്താനും ഫ്രാന്‍സ് ലക്ഷ്യമിടുന്നുണ്ട്. സൈനിക സഹായം നല്‍കുന്നത് വഴി സൈനികര്‍ക്ക് അതിര്‍ത്തികളില്‍ കൂടുതല്‍ കാര്യക്ഷമമായി വിന്യസിക്കാന്‍ കഴിയുമെന്നാണ് ഫ്രാന്‍സിന്റെ കണക്ക് കൂട്ടല്‍.
ഇമ്മാനുവല്‍ മാക്രോണിനോട് സംസാരിച്ച ലെബനീസ് പ്രധാനമന്ത്രി നജീബ് മിക്കാറ്റി, കൂടുതല്‍ സൈനികരെ റിക്രൂട്ട് ചെയ്യാന്‍ ലെബനന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന കാര്യം മാക്രോണിനെ അറിയിച്ചു. അതേസമയം വെടിനിര്‍ത്തലിനായി യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം അവതരിപ്പിക്കാനുമുള്ള ശ്രമവും ലെബനന്‍ ആരംഭിച്ചിട്ടുണ്ട്.
എന്നാല്‍ സൈന്യത്തെ പരിശീലിപ്പിക്കാന്‍ ലെബനന് കൂടുതല്‍ അന്താരാഷ്ട്ര സാമ്പത്തിക സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യൂറോപ്യന്‍ യൂണിയന്റെ വിദേശ നയ മേധാവി ജോസെപ് ബോറെല്‍ ലെബനീസ് സൈന്യത്തിന് ഈ വര്‍ഷം 20 ദശലക്ഷം യൂറോയും അടുത്ത വര്‍ഷം 40 ദശലക്ഷം യൂറോയും കൈമാറുമെന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മനിയും ഇറ്റലിയും ലെബനന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: France to finance Lebanon; 100 million dollars will be given