പാരിസ്: പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നതിനിടെ ഫ്രാന്‍സില്‍ പുതിയ നീക്കങ്ങള്‍. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട്.
ഫ്രാന്‍സ് ആഭ്യന്തരമന്ത്രി ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്.എന്നാല്‍ ഇദ്ദേഹം ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ഫ്രാന്‍സില്‍ അഭയാര്‍ത്ഥി പദവി നേടാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശം നല്‍കിയതായും യൂറോപ്പ് 1 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
പുറത്താക്കുന്നതില്‍ 180 പേര്‍ നിലവില്‍ ജയിലിലുണ്ടെന്നും ബാക്കിയുള്ളവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യുമെന്നുമാണ് റിപ്പോര്‍ട്ട്.
അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ സര്‍ക്കാരിനു മേല്‍ കുടിയേറ്റ നയത്തില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ ക്യാബിനറ്റ് മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്.