പാരീസ്: ഫ്രാൻസിന്റെ വിദേശ വകുപ്പായ മേയോട്ടിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിന് ഭരണഘടനാ ഭേദഗതി നടപ്പിലാക്കാൻ ഫ്രഞ്ച് സർക്കാർ.
ആഫ്രിക്കൻ വൻകരയിൽ മഡഗാസ്കറിനിടയിൽ രണ്ട് ദ്വീപുകൾ ഉൾപ്പെടുന്ന പ്രദേശമാണ് മേയോട്ട്. 1973ൽ കോമോറോസ് ദ്വീപുകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഫ്രാൻസിനൊപ്പം നിൽക്കാൻ തീരുമാനിച്ച പ്രദേശമാണ് മേയോട്ട്.
‘ ഞങ്ങൾ വിപ്ലവകരമായ തീരുമാനം സ്വീകരിക്കാൻ പോവുകയാണ്. നിങ്ങൾ ഫ്രഞ്ച് രക്ഷിതാക്കളുടെ കുട്ടി അല്ലെങ്കിൽ നിങ്ങൾക്ക് ഒരു ഫ്രഞ്ച് പൗരനാകാൻ സാധിക്കില്ല,’ ഫ്രാൻസിന്റെ ആഭ്യന്തരമന്ത്രി ഗെരാൾഡ് ഡാർമാനിൻ അറിയിച്ചു.
നടപടിയിലൂടെ മേയോട്ടിലേക്ക് കുടിയേറ്റക്കാർ വരുന്നത് കുറയുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യങ്ങളും ദാരിദ്ര്യവും കുടിയേറ്റവും പെരുകുന്നതിനെതിരെ പ്രതിഷേധങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഡാർമാനിന്റെ പ്രഖ്യാപനം. മേയോട്ടിൽ താമസ അനുമതിയുള്ളവർക്ക് ഫ്രാൻസിലേക്ക് യാത്ര ചെയ്യാനും സാധിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നിലവിൽ മേയോട്ടിലെ താമസ അനുമതി കൊണ്ട് ഫ്രാൻസിലേക്ക് യാത്ര ചെയ്യാൻ സാധിക്കില്ല.
അതേസമയം ഫ്രാൻസിലെ പ്രതിപക്ഷ പാർട്ടികൾ നിർദ്ദേശത്തെ എതിർത്തു. ജന്മാവകാശ പൗരത്വം ചർച്ച ചെയ്യാനുള്ളത് അല്ലെന്നും ഭരണഘടനയിൽ വരുത്തുന്ന മാറ്റങ്ങൾ തന്റെ പാർട്ടി എതിർക്കുമെന്നും രാജ്യത്തെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവ് ബോറിസ് വലോഡ് പറഞ്ഞു.
375 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം ഉള്ള മേയോട്ടിലെ ജനസംഖ്യ ഏകദേശം 3,20,000 ആണ്. ഇത് വളരെ ഗൗരവമേറിയ സംഖ്യയാണെന്നാണ് ഫ്രഞ്ച് ഉദ്യോഗസ്ഥർ വിശ്വസിക്കുന്നതെന്ന് ലെ മോണ്ടെ പത്രം റിപ്പോർട്ട് ചെയ്തു.
2018ലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇക്കണോമിക് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം മേയോട്ടിലെ 84 ശതമാനം ആളുകളും ദാരിദ്ര്യ രേഖക്ക് താഴെയാണ്. മൂന്നിലൊന്ന് ആളുകൾക്കും ജോലിയില്ല. 40 ശതമാനത്തിലധികം ആളുകൾ തകര കൊണ്ട് മറച്ച കുടിലുകളിലാണ് കഴിയുന്നത്.
CONTENT HIGHLIGHT: France to end some birthright citizenships to curb immigration