| Thursday, 9th November 2023, 4:55 pm

ഗസയിലേക്കുള്ള മാനുഷിക സഹായം; ലോകരാജ്യങ്ങളുമായി സമ്മേളനം നടത്താന്‍ ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഇസ്രഈല്‍ ഗസ മുനമ്പില്‍ ബോംബാക്രമണം തുടരുന്നതിനിടയില്‍ സിവിലിയന്മാര്‍ക്ക് മാനുഷിക സഹായം നല്‍കുന്നതിന് ലോകരാജ്യങ്ങളുമായി സമ്മേളനം നടത്താന്‍ തീരുമാനിച്ച് ഫ്രാന്‍സ്. 80 രാജ്യങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നുമായുള്ള പ്രതിനിധികളെ ഫ്രാന്‍സ് ക്ഷണിച്ചതായാണ് റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും, അമേരിക്ക, ജോര്‍ദാന്‍, ഈജിപ്ത്, ഗള്‍ഫ് രാജ്യങ്ങളുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതെന്ന് ഫ്രാന്‍സ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ ഐക്യരാഷ്ട്ര സംഘടനയിലെയും സര്‍ക്കാരിതര സംഘടനകളിലെയും ഉദ്യോഗസ്ഥരും പങ്കുചേരുമെന്ന് ഫ്രാന്‍സ് പ്രസിഡന്‍സി പറഞ്ഞു. സമ്മേളനത്തില്‍ ഇസ്രഈലി അധികാരികള്‍ പങ്കെടുക്കില്ലെന്ന് എലിസി പറഞ്ഞു.

അതേസമയം ഫലസ്തീന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷതയ്യയും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പ്രസിഡന്‍സി സൂചിപ്പിച്ചു. സംഘര്‍ഷത്തിലെ മാനുഷിക പ്രശ്‌നങ്ങളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെടുകയും ഉപരോധിക്കപ്പെട്ട ഫലസ്തീനില്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, മെഡിക്കല്‍ ഉപകരണങ്ങള്‍, വൈദ്യുതി, ഇന്ധനം എന്നിവയെ സമ്മേളനം അഭിസംബോധന ചെയ്യണമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയുടെ (യു.എന്‍.ആര്‍.ഡബ്ല്യു.എ) ഉന്നത സഹായ ഉദ്യോഗസ്ഥനും, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐ.സി.ആര്‍.സി) പ്രസിഡന്റും ഗസ മുനമ്പിലെ അടിയന്തര ആവശ്യങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

സംഘര്‍ഷം തുടങ്ങിയത് മുതല്‍ യു.എന്‍ വഴിയും മറ്റ് പങ്കാളികള്‍ മുഖേനയും ഫലസ്തീനിലേക്ക് പാരീസ് ഇതിനകം 20 ദശലക്ഷം യൂറോ (21.4 മില്യണ്‍ ഡോളര്‍) മാനുഷിക സഹായം നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മൂന്ന് വിമാനങ്ങള്‍ വഴി 54 ടണ്‍ സഹായ സാമഗ്രികളും ഈജിപ്തിലേക്ക് അയച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight:  France to conducted conference with world nations for Gaza

We use cookies to give you the best possible experience. Learn more