| Thursday, 20th September 2012, 8:21 am

മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ വിവാദമാകുന്നു; ഫ്രഞ്ച് എംബസികള്‍ അടച്ചിടാന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ഇസ്‌ലാം മതത്തേയും മുഹമ്മദ് നബിയേയും അവഹേളിക്കുന്ന സിനിമയ്‌ക്കെതിരെയുള്ളയുള്ള പ്രതിഷേധം തുടരുന്നതിനിടെ മുഹമ്മദ് നബിയെ അവഹേളിക്കുന്ന കാര്‍ട്ടൂണ്‍ ഫ്രഞ്ച് വാരിക പ്രസിദ്ധീകരിച്ചത് വിവാദമാകുന്നു.

ചാര്‍ലീ ഹെബ്ദോയെന്ന ആക്ഷേപ ഹാസ്യ വാരികയിലാണ് വിവാദ കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ എംബസികള്‍ക്ക് ഫ്രാന്‍സ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  []

മാര്‍പാപ്പ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതപുരോഹിതരെ അവഹേളിക്കുന്ന കാര്‍ട്ടൂണുകള്‍ വരച്ച് നേരത്തെയും വിവാദങ്ങളില്‍പ്പെട്ടിട്ടുള്ള വാരികയാണ് ചാര്‍ലീ ഹെബ്ദോ. മുഹമ്മദ് നബിയെ എഡിറ്റര്‍ ഇന്‍ ചീഫായി അവതരിപ്പിച്ച് നവംബറില്‍ മാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മാസികയുടെ പാരിസ് ഓഫീസിനെതിരെ പെട്രോള്‍ബോംബ് ആക്രമണം നടന്നിരുന്നു.

സംഭവത്തില്‍ പ്രതിഷേധമുയരുമെന്നതിനാല്‍ 20 രാജ്യങ്ങളിലെ ഫ്രഞ്ച് എംബസികള്‍, കോണ്‍സുലേറ്റ്‌സ്, സാസ്‌കാരിക കേന്ദ്രങ്ങള്‍, ഇന്റര്‍നാഷണല്‍ ഫ്രഞ്ച് സ്‌കൂള്‍സ് എന്നിവയ്ക്ക് നാളെ അവധി നല്‍കിയിട്ടുണ്ട്.

കാര്‍ട്ടൂണിന്റെ പേരില്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള മുഴുവന്‍ രാജ്യങ്ങളിലും എംബസികളുടെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും ഫ്രഞ്ച് മന്ത്രി അറിയിച്ചു. ആക്രമണങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളില്ലെങ്കിലും മുന്‍കരുതലെന്ന നിലയ്ക്കാണ് വെള്ളിയാഴ്ച എംബസികള്‍ അടച്ചിടുന്നത്.

ഇക്കാര്യത്തില്‍ താന്‍ ഉത്കണ്ഠാകുലനാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ലോറന്റ് ഫാബിയസ് പറഞ്ഞു. പാരിസിലുള്ള വാരികയുടെ ഓഫീസിനുചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

വാരികയുടെ വെബ്‌സൈറ്റ് ചിലര്‍ ആക്രമിച്ചതായും ബുധനാഴ്ച രാവിലെ മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ലഭ്യമാകുന്നില്ലെന്നും മാഗസിന്‍ അധികൃതര്‍ പറഞ്ഞു.  കാര്‍ട്ടൂണില്‍ പ്രകോപനപരമായി ഒന്നുമില്ലെന്നും ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും വാരികയുടെ എഡിറ്റര്‍ സ്‌റ്റെഫാനെ ചാര്‍ബോനിയര്‍ പറഞ്ഞു.

ഇസ്‌ലാം വിരുദ്ധ സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധ സമരങ്ങളും ബ്രിട്ടീഷ് രാജകുമാരിയുടെ നഗ്‌നഫോട്ടോയും ബുധനാഴ്ച ഇവരുടെ ദിനപത്രത്തിലെ കാര്‍ട്ടൂണുകള്‍ക്ക് വിഷയമായിരുന്നു. സിനിമയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ വിവിധ രാജ്യങ്ങളില്‍ ഉണ്ടായ ആക്രമണങ്ങളില്‍ ലിബിയയിലെ അമേരിക്കന്‍ അംബാസിഡര്‍ ക്രിസ്റ്റഫര്‍ സ്റ്റീവന്‍സ് ഉള്‍പ്പെടെ 30 പേരാണ് മരിച്ചത്‌.

കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് തെറ്റായ നടപടിയാണെന്ന് പാരിസ് ഗ്രാന്‍ഡ് മോസ്‌ക് പുരോഹിതന്‍ ദലീല്‍ ബാബാക്യൂര്‍ പറഞ്ഞു. എന്നാല്‍ ആക്രമണങ്ങളില്‍ പങ്കുചേരാതെ ശാന്തരായിരിക്കുവാന്‍ മുസ്‌ലിം മതനേതാക്കള്‍ ജനങ്ങളോടഭ്യര്‍ഥിച്ചിട്ടുണ്ട്. ജനസംഖ്യയില്‍ 10 ശതമാനത്തോളം മുസ്‌ലീംകളുള്ള രാജ്യമാണ് ഫ്രാന്‍സ്.

Latest Stories

We use cookies to give you the best possible experience. Learn more