പാരീസ്: ഫലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാക്കണമെന്നും വെസ്റ്റ് ബാങ്കിന്റെ കോളനിവല്‍ക്കരണം അവസാനിപ്പിക്കണമെന്നും ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇസ്രഈല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി മാക്രോണ്‍ നടത്തിയ പ്രസംഗത്തിലെ പ്രധാന കാര്യങ്ങളാണ് ഫ്രാന്‍സ് മന്ത്രാലയം വെളിപ്പെടുത്തിയിരിക്കുന്നത്.
ഫലസ്തീനിലെ സമാധാനം പുനസ്ഥാപിക്കാനും വെസ്റ്റ് ബാങ്കിന്റെ കോളനിവല്‍ക്കരണം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നതായി മാക്രോണ്‍ പറഞ്ഞുവെന്ന് ബി.എഫ്.എം.ടി.വി റിപ്പോര്‍ട്ട് ചെയ്തു.
‘പ്രശ്‌നപരിഹാരത്തിന് ഒരു രാഷ്ട്രീയ നിലപാട് അത്യന്താപേക്ഷിതമാണ്. അത് ദ്വിരാഷ്ട്ര രൂപീകരണമാണ്. ഫ്രാന്‍സ് ഈ ലക്ഷ്യത്തില്‍ നിന്നും ഒരിക്കലും പിന്നോട്ട് മാറിയിട്ടില്ല,’ എന്ന് ഫ്രഞ്ച് രാഷ്ട്രീയ ഉപദേശകന്‍ പറഞ്ഞതായി ആര്‍.ടി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
മാക്രോണ്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ വെസ്റ്റ് ബാങ്കിലെ ഇസ്രഈലി അധിനിവേശനത്തിന്റെ വളര്‍ച്ച തടയുമെന്ന് ഫ്രാന്‍സ് പ്രസിഡന്‍സി കൂട്ടിച്ചേര്‍ത്തു.
ഹമാസിന്റെ തടവില്‍ നിന്ന് ബന്ദികളെ മോചിപ്പിക്കാന്‍ ഫ്രാന്‍സ് താല്‍ക്കാലിക ഉടമ്പടി ആഗ്രഹിക്കുന്നുവെന്ന് ഫ്രാന്‍സ് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
‘ഞങ്ങള്‍ക്ക് ഒരു താല്‍ക്കാലിക വിരാമം വേണം, ആവശ്യമെങ്കില്‍ ഒരു മാനുഷിക ഉടമ്പടി വഴി രാഷ്ട്രീയ സാഹചര്യം ഉണ്ടാക്കിയെടുക്കാനും അത് വെടിനിര്‍ത്തലിലേക്ക് നയിക്കുകയും ചെയ്യും,’ എന്ന് ഫ്രാന്‍സ് ഉപദേശകന്‍ പറഞ്ഞു
നിലവില്‍ ഇസ്രഈല്‍ ബോംബ് ആക്രമണത്തില്‍ ഏകദേശം 5,100 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും, കൊല്ലപ്പെട്ടവരില്‍ 40% വും കുട്ടികളാണെന്നും ഗസയുടെ ആരോഗ്യമന്ത്രാലയം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുള്ളില്‍ 300 ലധികം ഇസ്രഈല്‍ വ്യോമാക്രമണങ്ങളിലായി 400 ലധികം പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ അധികൃതര്‍ പറഞ്ഞു.
Content Highlight: France to call for free Palastine