| Thursday, 16th June 2022, 1:05 pm

വൈകാതെ മറ്റൊരു ജോലിയിലേക്ക് ഞാന്‍ കൂടുമാറും: കരീം ബെന്‍സിമ

സ്പോര്‍ട്സ് ഡെസ്‌ക്

റയല്‍ മാഡ്രിഡിന്റെ നിലവിലെ സൂപ്പര്‍ താരം ആരെന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരു ഉത്തരം മാത്രമേയുള്ളൂ, അത് ഫ്രാന്‍സിന്റെ സ്റ്റാര്‍ സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ തന്നെയാണ്.

റയലിനെ അവരുടെ 14ാം ചാമ്പ്യന്‍സ് ലീഗിലേക്ക് നയിച്ചത് ബെന്‍സിമയുടെ ടോപ് ക്ലാസ് പ്രകടനമായിരുന്നു.

ഖത്തര്‍ ലോകകപ്പ് അടുത്തുവരവെ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബെന്‍സിമ. ഫുട്‌ബോളില്‍ നിന്നും വിരമിച്ച ശേഷം താന്‍ പരിശീലകനായി എത്തിയേക്കാമെന്നും, ആ കാലം ഏറെ വിദൂരമല്ലെന്നുമായിരുന്നു താരം പറഞ്ഞത്.

ഒരു ഫുട്‌ബോള്‍ അക്കാദമിയിലെ യുവതാരങ്ങള്‍ക്കൊപ്പം നടത്തിയ സംഭാഷണവേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫുട്‌ബോള്‍ മൈതാനത്തോട് വിടപറഞ്ഞ ശേഷം എന്തായിരിക്കും താരത്തിന്റെ അടുത്ത പദ്ധതി എന്ന ചോദ്യത്തിനാണ് തന്നെ പരിശീലകന്റെ റോളില്‍ കണ്ടേക്കാം എന്ന് താരം പറയുന്നത്.

‘കോച്ച്, എനിക്കറിയില്ല, ചിലപ്പോള്‍ ആയേക്കാം,’ താരം ചോദ്യം കേട്ടമാത്രയില്‍ പറഞ്ഞു.

‘എന്തുതന്നെയായാലും ഞാന്‍ ഫുട്‌ബോള്‍ ഏറെ ഇഷ്ടപ്പെടുന്നു. ആയതിനാല്‍ തന്നെ ഫുട്‌ബോള്‍ കളിക്കുന്നതവസാനിക്കുന്ന ആ ദിവസം തന്നെ ഞാനൊരു കോച്ച് ആയേക്കാം. ആ സമയം വിദൂരമല്ല,’ ബെന്‍സിമ പറയുന്നു.

ഈ സീസണില്‍ ബാലന്‍ ഡി ഓര്‍ നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന താരമാണ് ബെന്‍സിമ.

റയലിനായി മികച്ച പ്രകടനമായിരുന്നു ബെന്‍സിമ ഈ സീസണില്‍ കാഴ്ചവെച്ചത്. ഈ സീസണില്‍ എണ്ണം പറഞ്ഞ 44 ഗോളുകളാണ് താരം റയലിനായി സ്‌കോര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 15 ചാമ്പ്യന്‍സ് ലീഗ് ഗോളുകളും ഉള്‍പ്പെടും.

Content highlight: France Super Star Karim Benzema says he will be a coach after his retirement

We use cookies to give you the best possible experience. Learn more