| Monday, 18th December 2023, 10:07 am

ഇസ്രഈലി ആക്രമണത്തിൽ ഫ്രഞ്ച് നയതന്ത്രജ്ഞൻ കൊല്ലപ്പെട്ടു; ഉടൻ വെടിനിർത്തൽ വേണമെന്ന് ഫ്രാൻസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: റഫയിലെ ഫ്രഞ്ച് നയതന്ത്ര ഉദ്യോഗസ്ഥൻ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ അപലപിച്ച് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം. സഹപ്രവർത്തകന്റെ വീട്ടിൽ അഭയം തേടിയ ഉദ്യോഗസ്ഥൻ ആക്രമണത്തിൽ കെട്ടിടം തകർന്നതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു.

ഇസ്രഈലിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോന അടിയന്തരവും നീണ്ടുനിൽക്കുന്നതുമായ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ടു.

ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെടുന്ന ഗസയിലെ ജനങ്ങളുടെ എണ്ണം വർധിക്കുന്നതിൽ കാതറിൻ ആശങ്ക അറിയിച്ചു.

ഡിസംബർ 16ന് പുറത്തുവിട്ട പ്രസ്താവനയിലാണ് പരിക്കുകൾ മൂലം തങ്ങളുടെ ഏജന്റുമാരിൽ ഒരാൾ മരണപ്പെട്ടു എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

ആളുകൾ താമസിക്കുന്ന കെട്ടിടം തകർത്ത് സിവിലിയന്മാരുടെ മരണത്തിന് കാരണമായ ഇസ്രഈലി ആക്രമണത്തെ അപലപിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.

വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ അധിനിവേശ ഇസ്രഈലികളുടെ ആക്രമണം വർധിച്ചെന്ന് ചൂണ്ടിക്കാട്ടി ഓസ്ട്രേലിയ, ബെൽജിയം, കാനഡ, യു.കെ തുടങ്ങിയ 13 രാജ്യങ്ങൾക്കൊപ്പം ഫ്രാൻസ് സംയുക്ത പ്രസ്താവന പുറത്തുവിട്ടിരുന്നു.

വെസ്റ്റ് ബാങ്കിലെ ഇസ്രഈലി കുടിയേറ്റം അനധികൃതമാണെന്നും ഫലസ്തീനി സമൂഹത്തെ ഭയപ്പെടുത്തുകയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ജൂത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്ത ഇസ്രഈൽ സമാധാനം സ്ഥാപിക്കാനുള്ള അന്തരീക്ഷം ഇല്ലാതാക്കുകയാണ് എന്നും പാശ്ചാത്യ രാജ്യങ്ങൾ ആരോപിച്ചു.

Content Highlight: France slams Israel over killing of diplomatic worker in Gaza

We use cookies to give you the best possible experience. Learn more