| Sunday, 27th November 2022, 12:52 am

ഇറ്റലിക്കും സ്‌പെെയ്നും ജര്‍മനിക്കും സംഭവിച്ചതുണ്ടായില്ല; നിലവിലെ ചാമ്പ്യന്മാര്‍ ഗ്രൂപ്പ് കടക്കില്ലെന്ന പതിവ് തെറ്റിച്ച് ഫ്രാന്‍സ്

സ്പോര്‍ട്സ് ഡെസ്‌ക്

നിലവിലെ ചാമ്പ്യന്‍മാര്‍ ഗ്രൂപ്പ് ഘട്ടം കടക്കില്ലെന്ന സമീപകാല ലോകകപ്പ് റെക്കോര്‍ഡ് തിരുത്തിക്കുറിച്ച് ഫ്രാന്‍സ്. ഗ്രൂപ്പ് ഡിയിലെ രണ്ടാം റൗണ്ട് മത്സരത്തില്‍ കരുത്തരായ ഡെന്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

2006ലെ ചാമ്പ്യന്‍മാരായ ഇറ്റലി 2010ലും, 2010ലെ ചാമ്പ്യന്‍മാരായ സ്‌പെയ്ന്‍ 2014ലും, 2014ലെ ചാമ്പ്യന്‍മാരായ ജര്‍മനി 2018ലും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

എന്നാല്‍ 2018ലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് പ്രീക്വാര്‍ട്ടര്‍ പ്രവേശനം ഉറപ്പിച്ചിരിക്കുകയാണ്.

ഗ്രൂപ്പ് ഡിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോട് 4- 1ന്റെ വലിയ വിജയം നേടാന്‍ ഫ്രാന്‍സിനായിരുന്നു.

അതേസമയം, സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളുകളാണ് ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തില്‍ ഫ്രാന്‍സിന് വിജയം സമ്മാനിച്ചത്. 61ാം മിനിറ്റിലും 86ാം മിനിട്ടിലുമായിരുന്നു എംബാപ്പെയുടെ ഗോളുകള്‍.

ഇതോടെ കുറഞ്ഞ പ്രായത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് ഗോളുകള്‍ നേടിയ താരമെന്ന റെക്കോര്‍ഡ് എംബാപ്പെ തന്റെ പേരിലാക്കി. ഏഴ് ഗോളുകളാണ് ഇതുവരെ 23 കാരനായ എംബാപ്പെ ലോകകപ്പില്‍ നേടിയത്. ഫുട്‌ബോള്‍ ഇതിഹാസം ബ്രസീലിന്റെ പെലെക്കൊപ്പമാണ് താരം റെക്കോര്‍ഡ് പങ്കുവെച്ചിരുന്നത്.

ഡെന്മാര്‍ക്ക് മികച്ച ചെറുത്തുനില്‍പ്പാണ് മത്സരത്തില്‍ ഫ്രാന്‍സിനെതിരെ കാഴ്ചവെച്ചത്. കളിയുടെ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ക്കാണ് മത്സരം സാക്ഷിയായത്.

ആന്‍ഡ്രിയാസ് ക്രിസ്റ്റന്‍സെനാണ് ഡെന്‍മാര്‍ക്കിന് വേണ്ടി ഗോള്‍ നേടിയത്. ഡെന്മാര്‍ക്ക് ഗോള്‍കീപ്പര്‍ കാസ്പര്‍ ഷ്മൈക്കേല്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ ലോകകപ്പില്‍ ആദ്യമായി യൂറോപ്യന്‍ രാജ്യങ്ങള്‍ ഏറ്റുമുട്ടിയ മത്സരമായിരുന്നു ഇത്. നവംബര്‍ 30ന് ടുണീഷ്യക്കെതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഫ്രാന്‍സിന്റെ അവസാന മത്സരം


CONTENT HIGHLIGHT: France set to break recent World Cup record of defending champions not making it past the knockout stage

We use cookies to give you the best possible experience. Learn more