| Tuesday, 31st December 2024, 10:28 pm

സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡമസ്‌കസ്: കഴിഞ്ഞ ആഴ്ച്ചയില്‍ സിറിയയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ചില കേന്ദ്രങ്ങള്‍ നശിപ്പിച്ചതായി അവകാശപ്പെട്ട് ഫ്രാന്‍സ്. ഫ്രഞ്ച് സായുധ സേന മന്ത്രി സെബാസ്റ്റ്യന്‍ ലെകോര്‍നു ആണ് ഇക്കാര്യം അറിയിച്ചത്.

‘ഞായറാഴ്ച, ഫ്രഞ്ച് വ്യോമസേന സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റ് സൈറ്റുകള്‍ക്കെതിരെ ടാര്‍ഗെറ്റഡ് സ്ട്രൈക്കുകള്‍ നടത്തി,’ ലെകോര്‍നു എക്സില്‍ കുറിച്ചു. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ പതനത്തിനു ശേഷം രാജ്യത്ത് ഫ്രാന്‍സ് നടത്തുന്ന ആദ്യ ആക്രമണമാണിത്.

ഫ്രാന്‍സിന്റെ റാഫേല്‍ യുദ്ധവിമാനങ്ങളും യു.എസ് നിര്‍മിത റീപ്പര്‍ ഡ്രോണുകളും മധ്യ സിറിയയിലെ ഐ.എസിന്റെ രണ്ട് സൈനിക ലക്ഷ്യങ്ങളില്‍ ഏഴോളം ബോംബുകള്‍ വര്‍ഷിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയം എ.എഫ്.പിയോട് പറഞ്ഞു.

സിറിയയില്‍ അമേരിക്ക നടത്തിയ സൈനിക ആക്രമണത്തിന് പിന്നാലെയാണ് ഫ്രാന്‍സിന്റെ വ്യോമാക്രമണം. യു.എസ് സേനയുടെ ആക്രമണത്തില്‍ രണ്ട് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ കൊലപ്പെട്ടതായി യു.എസ് അറിയിച്ചിരുന്നു.

2014 മുതല്‍ ഇറാഖിലേയും 2015 മുതല്‍ സിറിയയിലേയും ഐ.എസിനെതിരെ പോരാടുന്ന ഇന്‍ഹറന്റ് റിസോള്‍വ് അന്താരാഷ്ട്ര സഖ്യത്തില്‍ ഉള്‍പ്പെട്ട രാജ്യമാണ് ഫ്രാന്‍സ്.

സിറിയയില്‍ വിമതസംഘമായ ഹയാത്ത് തെഹ്‌രീര്‍ അല്‍ ഷാം അധികാരം പിടിച്ചതോടെ രാജ്യത്ത് ഐ.എസിന് ശക്തി വീണ്ടെടുക്കാന്‍ സാഹചര്യം ലഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിറിയയിലെ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ അസദിന്റെ പതനത്തോടെ ക്രമാതീതമായി വര്‍ധിച്ചെന്ന് കുര്‍ദിഷ് മിലിഷ്യ സഖ്യമായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (എസ്.ഡി.എഫ്) കമാന്‍ഡര്‍ ജനറല്‍ മസ്ലൂം അടുത്തിടെ പറഞ്ഞിരുന്നു.

മുമ്പ് ലഭിച്ചിരുന്നതിനേക്കാള്‍ പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ സാഹചര്യം ഇപ്പോള്‍ ഐ.എസിന് സിറിയയില്‍ ഉണ്ടെന്നും സിറിയന്‍ ഭരണകൂടം ഉപേക്ഷിച്ചുപോയ ചില ആയുധങ്ങളും സ്ഫോടക വസ്തുക്കളും അവര്‍ കൈക്കലാക്കിയിട്ടുണ്ടെന്നും മസ്ലൂം അബ്ദി പറയുകയുണ്ടായി.

കഴിഞ്ഞ ഡിസംബറില്‍ സിറിയയിലെ ഐ.എസിനോട് പോരാടുന്ന അമേരിക്കന്‍ സൈനികരുടെ എണ്ണം 2000 ആയി ഇരട്ടിപ്പിച്ചതായി യു.എസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിരുന്നു.

Content Highlight: France says they had destroyed the centers of the Islamic State in Syria

We use cookies to give you the best possible experience. Learn more