| Tuesday, 23rd July 2024, 10:07 pm

പാരീസ് ഒളിമ്പിക്‌സിലേക്ക് ഇസ്രഈല്‍ അത്‌ലറ്റുകളെ സ്വാഗതം ചെയ്യില്ലെന്ന് ഫ്രാന്‍സിലെ ഇടതു എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: പാരീസ് ഒളിമ്പിക്‌സിലേക്ക് ഇസ്രഈലിനെ സ്വാഗതം ചെയ്യുന്നില്ലെന്ന് ഫ്രാന്‍സിലെ ഇടതു എം.പി തോമസ് പോര്‍ട്ടസ്. ഒളിമ്പിക് ഗെയിമുകളില്‍ പങ്കെടുക്കുന്ന ഇസ്രഈലിനെതിരെ പ്രതിഷേധം ഉയരണമെന്നും തോമസ് പോര്‍ട്ടസ് പറഞ്ഞു. പരാമര്‍ശത്തിന് പിന്നാലെ ഇടതു എം.പിക്കെതിരെ ഫ്രാന്‍സില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഗസയിലെ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്യുന്ന ഇസ്രഈലിനെ പ്രതിനിധീകരിച്ച് പാരീസിലേക്ക് എത്തുന്നവര്‍ക്കെതിരെ അണിനിരക്കണമെന്ന് തോമസ് പോര്‍ട്ടസ് ആവശ്യപ്പട്ടിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിനെതിരായ പ്രതിഷേധം കനക്കുന്നത്.

തുടര്‍ന്ന് പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പോര്‍ട്ടസ് രംഗത്തെത്തി. ഇസ്രഈലി അത്‌ലറ്റുകളെ താന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഒളിമ്പിക്‌സ് ഇവന്റുകളില്‍ ഇസ്രഈല്‍ പതാകയും ദേശീയ ഗാനവും അനുവദിക്കാതിരിക്കാന്‍ ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി)യില്‍ സമ്മര്‍ദം ചെലുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനുമുമ്പ് റഷ്യക്കെതിരെ സമാനമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തോമസ് പോര്‍ട്ടസ് ചൂണ്ടിക്കാട്ടി. വിവാദത്തില്‍ വിശദീകരണം നല്‍കിയിട്ടും വലതുപക്ഷ നേതാക്കള്‍ ഇടതുപക്ഷത്തിനെതിരെയും പോര്‍ട്ടസിനെതിരെയും വിമര്‍ശനമുയര്‍ത്തി.

വിവാദങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍ രംഗത്തെത്തി. പോര്‍ട്ടസിന്റെ പരാമര്‍ശങ്ങളില്‍ വെറുപ്പ് തോന്നുന്നുവെന്നായിരുന്നു ജെറാള്‍ഡിന്റെ പ്രതികരണം. ഇസ്രഈലി അത്‌ലറ്റുകള്‍ക്ക് ഫ്രഞ്ച് എലൈറ്റ് ഫോഴ്‌സ് 24 മണിക്കൂര്‍ സംരക്ഷണം നല്‍കുമെന്നും ജെറാള്‍ഡ് പറഞ്ഞു. ഇസ്രഈലി പ്രതിനിധികളെ ഒളിമ്പിക്‌സിലേക്ക് സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോര്‍ണും പ്രതികരിക്കുകയുണ്ടായി.

മ്യൂണിക് ഒളിമ്പിക്‌സിനിടെ ജര്‍മനിയില്‍ ഫലസ്തീന്‍ സെപ്റ്റംബര്‍ ഗ്രൂപ്പിന്റെ ആക്രമണത്തില്‍ ഇസ്രഈല്‍ അത്‌ലറ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തെ മുന്‍നിര്‍ത്തിയാണ് വലതുപക്ഷ നേതാക്കളുടെ വിമര്‍ശനം. ദിവസങ്ങള്‍ക്ക് മുമ്പ് ഇക്കാരണം ചൂണ്ടിക്കാട്ടി ഫലസ്തീന്‍ മോഡല്‍ ബെല്ല ഹദീദിനെ സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ അഡിഡാസ് പരസ്യത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു.

Content Highlight: France’s left-wing MP Thomas Portes says Israel is not welcome at Paris Olympics

We use cookies to give you the best possible experience. Learn more