| Tuesday, 5th March 2024, 4:42 pm

'എന്റെ ശരീരം എന്റെ തീരുമാനം'; ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ഗര്‍ഭച്ഛിദ്രം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശമാക്കി ഫ്രാന്‍സ് സര്‍ക്കാര്‍. ഗര്‍ഭച്ഛിദ്രം ഭരണഘടനയില്‍ ഉള്‍പ്പെടുത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഫ്രാന്‍സ്.

പാര്‍ലമെന്റിന്റെ ഇരുസഭകളും ചേര്‍ന്ന് നടത്തിയ അന്തിമവോട്ടെടുപ്പില്‍ 72ന് എതിരെ 780 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. വോട്ടെടുപ്പിന് ശേഷം ‘ഫ്രാന്‍സ് മുന്‍പന്തിയിലാണ്’ എന്ന് പാര്‍ലമെന്റ് അധോസഭയുടെ തലവന്‍ യേല്‍ ബ്രൗണ്‍ പിവെറ്റ് പ്രതികരിച്ചു.

നിയമം അംഗീകരിക്കപ്പെട്ടതോടെ പാരിസിലെ ഈഫല്‍ ടവറില്‍ ആഘോഷങ്ങള്‍ നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ‘എന്റെ ശരീരം എന്റെ തീരുമാനം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് പാരിസില്‍ ആഘോഷങ്ങള്‍ നടക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തില്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങള്‍ അട്ടിമറിച്ച അമേരിക്കയുടെ നിലപാടിനെ എതിര്‍ത്ത് മാക്രോണ്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ അന്താരാഷ്ട വനിതാദിനത്തില്‍ ഗര്‍ഭച്ഛിദ്ര അവകാശങ്ങളുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങള്‍ മാക്രോണ്‍ ഫ്രാന്‍സ് പൗരന്മാര്‍ക്ക് നല്‍കുകയായിരുന്നു.

2024 മുതല്‍ ഗര്‍ഭച്ഛിദ്രം തെരഞ്ഞെടുക്കാനുള്ള അവകാശം മാറ്റാനാവാത്തതും ആജീവനാന്ത അവകാശമാക്കി മാറ്റുമെന്നുമായിരുന്നു മക്രോണിന്റെ വാഗ്ദാനം.

‘എല്ലാ സ്ത്രീകള്‍ക്കുമായി ഒരു സന്ദേശം നല്‍കാം. നിങ്ങളുടെ ശരീരം നിങ്ങളുടേത് മാത്രമാണ്, അതില്‍ തീരുമാനമെടുക്കാന്‍ മറ്റൊരാള്‍ക്ക് കഴിയുകയില്ല,’ എന്ന് പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടല്‍ മുമ്പ് പറഞ്ഞിരുന്നു.

ഗര്‍ഭധാരണം അവസാനിപ്പിക്കുന്നത് 1975ല്‍ ഫ്രാന്‍സ് സര്‍ക്കാര്‍ കുറ്റകരമല്ലാതാക്കി മാറ്റിയിരുന്നു. തുടര്‍ന്ന് അതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു സര്‍ക്കാര്‍. സ്ത്രീകളുടെ ആരോഗ്യവും ഗര്‍ഭച്ഛിദ്രത്തിലുള്ള അജ്ഞതയും ഇല്ലാതാക്കാന്‍ പൊതുസ്ഥാപനങ്ങള്‍ മുന്നോട്ട് വരുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കൂടാതെ സ്ത്രീകളുടെ സാമ്പത്തിക ഭാരം കുറക്കാനുള്ള പദ്ധതി നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

2022ല്‍ നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ 89 ശതമാനം പ്രതിനിധികള്‍ ഗര്‍ഭച്ഛിദ്രം ഭരണഘടനപരമാക്കി മാറ്റുന്നതിനെ അനുകൂലിച്ചിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: France’s government has made abortion a constitutional right

We use cookies to give you the best possible experience. Learn more