പാരീസ്: ഗസയിലെ ഇസ്രഈലി കുടിയേറ്റക്കാര്‍ക്കെതിരെ ഫ്രാന്‍സ് വിദേശകാര്യ മന്ത്രി സ്റ്റെഫാന്‍ സെജോര്‍ണ്‍ രംഗത്ത്. ഫലസ്തീനില്‍ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ ഉടനെ അവസാനിപ്പിക്കണമെന്ന് സ്റ്റെഫാന്‍ സെജോര്‍ണ്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഫ്രാന്‍സ് മന്ത്രിയുടെ പരാമര്‍ശം.
ഫലസ്തീന്‍ നഗരമായ ജെറുസലേമില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സ്റ്റെഫാന്‍ സെജോര്‍ണ്‍ ആഹ്വാനം ചെയ്തു. വെസ്റ്റ് ബാങ്കില്‍ ഇസ്രഈലി കുടിയേറ്റക്കാര്‍ മുഖേനെ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തണമെന്നും സ്റ്റെഫാന്‍ സെജോര്‍ണ്‍ പറഞ്ഞു.
അക്രമത്തിന് കാരണമായേക്കാവുന്ന പ്രവര്‍ത്തികളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും പ്രസ്താവനകളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രഈലി നേതാക്കളില്‍ അക്രമാസക്തമായ പ്രസ്താവനകള്‍ നിരന്തരമായി ഉണ്ടാവുന്നുണ്ടെന്നും സെജോര്‍ണ്‍ ചൂണ്ടിക്കാട്ടി.
ഫലസ്തീനിലേക്കുള്ള ഇസ്രഈലികളുടെ കുടിയേറ്റം അവസാനിപ്പിക്കണമെന്നും സ്റ്റെഫാന്‍ സെജോര്‍ണ്‍ ഊന്നിപ്പറഞ്ഞു. ഗസയില്‍ നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നും ഫലസ്തീനികളുടെ കുടിയിറക്കം ഒരു സാഹചര്യത്തിലും സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ക്രിസ്ത്യാനികളെ തുപ്പുന്നത് ഒരു പ്രാചീന ജൂത പാരമ്പര്യമാണെന്നും അത്തരം സംഭവങ്ങളില്‍ അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നും കഴിഞ്ഞ വര്‍ഷം ഇസ്രഈല്‍ ദേശീയ സുരക്ഷാ മന്ത്രിയായ ഇതാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.
Content Highlight: France’s foreign minister calls for an end to Israeli settelers violence against Palestiaians in Gaza