| Monday, 5th December 2022, 8:28 am

'മൈ ഫ്രണ്ട്'; സമാധാനം നിറഞ്ഞ ലോകം കെട്ടിപ്പടുക്കാന്‍ നരേന്ദ്ര മോദി ഞങ്ങളെ നയിക്കും: ഫ്രഞ്ച് പ്രസിഡന്റ് മക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: ജി20 രാജ്യങ്ങളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യ എത്തിയതില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 രാജ്യങ്ങളെ ഒരുമിച്ച് നിര്‍ത്തുമെന്നും സമാധാനപരമായതും സുസ്ഥിരമായതുമായ ലോകം കെട്ടിപ്പടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മക്രോണ്‍ പ്രതികരിച്ചു.

നരേന്ദ്ര മോദിയെ ‘മൈ ഫ്രണ്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു മക്രോണിന്റെ ട്വീറ്റ്.

”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി. ഇന്ത്യ ജി20 കൂട്ടായ്മയുടെ പ്രസിഡന്‍സി ഏറ്റെടുത്തിരിക്കുന്നു. സമാധാനപരവും കൂടുതല്‍ സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കുന്നതിന് വേണ്ടി ഞങ്ങളെ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ എന്റെ സുഹൃത്ത് (മൈ ഫ്രണ്ട്) നരേന്ദ്ര മോദിക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ഇമ്മാനുവല്‍ മക്രോണ്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.

മോദിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ ട്വീറ്റ്.

ജി20 പ്രസിഡന്‍സി സ്ഥാനം ഏറ്റെടുത്തുകൊണ്ട് ഇന്ത്യ മുന്നോട്ടുവെച്ച പ്രമേയമായിരുന്നു ‘വണ്‍ എര്‍ത്ത്, വണ്‍ ഫാമിലി, വണ്‍ ഫ്യൂചര്‍’ എന്നത്. പ്രമേയത്തെ ഫ്രാന്‍സ് പ്രസിഡന്റ് സ്വാഗതം ചെയ്തു.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യ ജി20 പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതില്‍ ആശംസകളറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.

ഇന്ത്യയെ യു.എസിന്റെ ശക്തമായ പങ്കാളിയെന്ന് വിശേഷിപ്പിച്ച ബൈഡന്‍, ഇന്ത്യ ജി20 പ്രസിഡന്റായിരിക്കുന്നിടത്തോളം തന്റെ ‘സുഹൃത്ത്’ നരേന്ദ്ര മോദിയെ പിന്തുണക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഇന്ത്യ ഔദ്യോഗികമായി ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

അടുത്തവര്‍ഷം സെപ്റ്റംബര്‍ ഒമ്പത്, പത്ത് തീയതികളിലായി ന്യൂദല്‍ഹിയില്‍ വെച്ചായിരിക്കും ജി20 നേതാക്കളുടെ അടുത്ത ഉച്ചകോടി നടക്കുക.

ലോകത്തെ പ്രധാന വികസിത- വികസ്വര സാമ്പത്തിക ശക്തികളായ രാജ്യങ്ങളുടെ ഇന്റര്‍ഗവണ്‍മെന്റല്‍ ഫോറമാണ് ജി20 അഥവാ ഗ്രൂപ്പ് ഓഫ് 20. ഇന്ത്യ, റഷ്യ, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക, ചൈന, ഫ്രാന്‍സ്, ജര്‍മനി, അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ഇന്തോനേഷ്യ, ഇറ്റലി, റിപബ്ലിക് ഓഫ് കൊറിയ, മെക്‌സികോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ജി20 കൂട്ടായ്മയിലുള്ളത്.

ആഗോള മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 80 ശതമാനവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ 75 ശതമാനവും ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗവും ജി20 രാജ്യങ്ങളിലാണുള്ളത്.

Content Highlight: France’s Emmanuel Macron says he trust his friend Narendra Modi to bring g20 countries together

We use cookies to give you the best possible experience. Learn more