പാരീസ്: ഫ്രാന്‍സില്‍ വിഭാഗീയതയെ ചെറുക്കാന്‍ എന്ന പേരില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അവതരിപ്പിച്ച ബില്‍ വിവാദത്തില്‍. ബുധനാഴ്ചയാണ് ബില്ലിന്റെ വിശദാംശങ്ങള്‍ ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തുവിട്ടത്.
രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സെപറേറ്റിസ്റ്റുകളെ പ്രതിരോധിക്കാനാണ് ബില്ലെന്നാണ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം ബില്‍ ഫ്രാന്‍സിലെ മുസ്‌ലിം ജനങ്ങളോട് വിവേചനം കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നു.
ബില്ലിനെ സംബന്ധിച്ച വിശദാംശങ്ങള്‍ ബുധനാഴ്ചയാണ് ഇമ്മാനുവല്‍ മാക്രോണ്‍ പുറത്തുവിട്ടത്. ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന വിവരങ്ങള്‍ ഇവയാണ്.
1. മൂന്ന് വയസുമുതല്‍ രാജ്യത്തെ എല്ലാ കുട്ടികളും നിര്‍ബന്ധിതമായും സ്‌കൂളില്‍ പോയിരിക്കണം. ഹോം സ്‌കൂളിങ്ങ് പ്രത്യേക കേസുകളില്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. നിയമവിരുദ്ധമായ കാര്യങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന ക്ലാന്‍ഡസ്റ്റൈന്‍ സ്‌കൂളുകളെ നിയന്ത്രിക്കാനാണ് ഇതെന്നാണ് മാക്രോണ്‍ പറയുന്നത്.
2. എല്ലാ മുസ്‌ലിം പള്ളികളും ആരാധനാലയമായി രജിസ്റ്റര്‍ ചെയ്യണം. മുസ്‌ലിം പള്ളികളെ പ്രത്യേകമായി തിരിച്ചറിയാനാണ് ഈ തീരുമാനമെന്ന് വിഷയത്തില്‍ വിവാദം ഉയര്‍ന്നിരുന്നു. നിലവില്‍ ഫ്രാന്‍സിലെ 2,600 ഓളം പള്ളികള്‍ അസോസിയേഷന്റെ നിയമപ്രകാരമാണ് പ്രവര്‍ത്തിക്കുന്നത്. ഫ്രാന്‍സിലെ പള്ളികള്‍ക്ക് വിദേശ നിക്ഷേപം സ്വീകരിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്.
3. യുവതികളുടെ കന്യകാത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന ഡോക്ടര്‍മാര്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിക്കും. ഫ്രഞ്ച് ഡോക്ടര്‍മാരും മുസ്‌ലിങ്ങള്‍ക്കിടയില്‍ തന്നെയുള്ള ഫെമിനിസ്റ്റ് ഗ്രൂപ്പുകളും ഇത്തരം സര്‍ട്ടിഫിക്കറ്റുള്‍ക്കെതിരെ രംഗത്തു വന്നിരുന്നു.
4. യുവതി യുവാക്കന്‍മാരുടെ സമ്മതത്തോടു കൂടി തന്നെയാണോ വിവാഹം നടക്കുന്നതെന്ന് അറിയാന്‍ പ്രത്യേകമായി ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തണമെന്നും ബില്ലില്‍ പറയുന്നു. വിവാഹത്തിലെ ഇരുപാര്‍ട്ടികളുടെയും സമ്മതത്തില്‍ ഏതെങ്കിലും വിധത്തിലുള്ള സംശയം ഉണ്ടാകുമ്പോള്‍ മാത്രമാണിത്.
5. ബഹുഭാര്യാത്വം അനുവദിക്കില്ല.
ബില്ലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുകയുന്നതിനിടയിലാണ് ബില്ലിലെ വ്യവസ്ഥകള്‍ പരസ്യപ്പെടുത്തി മാക്രോണ്‍ രംഗത്തെത്തിയത്. നേരത്തെ വിഭാഗീയത തടയാന്‍ എന്ന പേരില്‍ കൊണ്ടുവരുന്ന ബില്ലിനെക്കുറിച്ചുള്ള പരാമര്‍ശം നടത്തവെ ഇസ്‌ലാം മതം ലോകത്താകമാനം പ്രതിസന്ധി നേരിടുകയാണെന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
പുതിയ നിയന്ത്രണങ്ങള്‍ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നാണ് മാക്രോണ്‍ ആവര്‍ത്തിക്കുന്നത്. അതേസമയം വിഷയത്തില്‍ വലിയ എതിര്‍പ്പുകളാണ് ഫ്രാന്‍സില്‍ രൂപപ്പെട്ട വരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: France reveals details of controversial ‘separatism’ bill