പുതുവർഷത്തില്‍ 25 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം; പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ്
World News
പുതുവർഷത്തില്‍ 25 വയസിന് താഴെയുള്ളവര്‍ക്ക് സൗജന്യമായി കോണ്ടം; പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th December 2022, 10:05 am

പാരിസ്: ഗര്‍ഭനിരോധന മാര്‍ഗമായ കോണ്ടം (Condom) 18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്കെല്ലാം സൗജന്യമായി വിതരണം ചെയ്യുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. 2023 ജനുവരി ഒന്ന് മുതലായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക.

ഫാര്‍മസികളില്‍ നിന്ന് ഇനിമുതല്‍ സൗജന്യമായി കോണ്ടം ലഭിക്കുമെന്ന പ്രഖ്യാപനം വ്യാഴാഴ്ചയാണ് മക്രോണ്‍ നടത്തിയത്.

യുവജനങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ (sexually transmitted diseases) വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

”18 മുതല്‍ 25 വയസ് വരെ പ്രായമുള്ള എല്ലാ ചെറുപ്പക്കാര്‍ക്കും 2023 മുതല്‍ ഫാര്‍മസികളില്‍ നിന്നും സൗജന്യമായി കോണ്ടം ലഭിക്കും,” ഇമ്മാനുവല്‍ മക്രോണ്‍ ട്വീറ്റ് ചെയ്തു.

”ലെറ്റ് അസ് ഡു ഇറ്റ്,” സ്‌പെയിന്‍ വെച്ച് നടക്കുന്ന ഒരു ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനിടെ ചിത്രീകരിച്ച സെല്‍ഫി വീഡിയോയില്‍ മക്രോണ്‍ പറഞ്ഞു.

”പൗരന്മാരെ രക്ഷിക്കുക, യുവാക്കളെ സംരക്ഷിക്കുക എന്ന ചിന്തയാണ് എന്റെ നടപടികളെ നയിക്കുന്നത്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു, നമ്മള്‍ ഇത് ചെയ്തിരിക്കും,” മക്രോണ്‍ വ്യക്തമാക്കി.

”യുവജനങ്ങള്‍ക്കിടയില്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് രോഗങ്ങള്‍ വര്‍ധിച്ചു വരികയാണ്. അതുകൊണ്ടാണ് ഇതിനെ തടയുന്നതിന് വേണ്ടി പ്രതിരോധമെന്ന രീതിയില്‍ നമ്മള്‍ ഇത്തരം നടപടികളിലേക്ക് കടക്കുന്നത്,” എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 18 വയസിന് താഴെയുള്ള, പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും ഇത് ബാധകമാക്കണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നതായും ഫ്രഞ്ച് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

പ്രായപൂര്‍ത്തിയാകാത്തവരെ ഈ ഇളവില്‍ ഉള്‍പ്പെടുത്താത്തതിനെ സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ ചോദ്യം ചെയ്തതോടെ ഈ വിഷയം പരിഗണിക്കാമെന്നും പ്രസിഡന്റ് ഉറപ്പുനല്‍കി.

”18 മുതല്‍ 25 വയസ് വരെ പ്രായമുള്ള എല്ലാവര്‍ക്കും കോണ്ടം സൗജന്യമായി നല്‍കുമെന്ന് ഞാന്‍ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രായപൂര്‍ത്തിയാകാത്തവരിലേക്കും വ്യാപിപ്പിക്കാന്‍ എന്നോട് ആളുകള്‍ ആവശ്യപ്പെടുന്നുണ്ട്,”

”പ്രായപൂര്‍ത്തിയാകാത്ത നിരവധി പേരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. അവര്‍ സ്വയം തങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്,” എന്നും മക്രോണ്‍ പിന്നീട് ട്വീറ്റ് ചെയ്തിരുന്നു.

അതേസമയം, എച്ച്.ഐ.വി.യും മറ്റ് ലൈംഗികമായി പകരുന്ന വൈറസുകളും തടയുന്നതിനും പരിശോധിക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും 2017ല്‍ അധികാരത്തിലേറിയ സമയത്ത് മക്രോണ്‍ വാഗ്ദാനം ചെയ്തു.

എല്ലാ വരുമാനത്തിലുമുള്ള ചെറുപ്പക്കാര്‍ക്കും അനാവശ്യ ഗര്‍ഭധാരണം തടയാന്‍ കഴിയുമെന്ന് ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായി നിലവില്‍ 25 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് ഫ്രാന്‍സില്‍ സൗജന്യമായി ബര്‍ത്ത് കണ്‍ട്രോള്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. എന്നാല്‍ ഇത് പുരുഷന്മാര്‍ക്ക് ബാധകമായിരുന്നില്ല.

ഫ്രാന്‍സിന് പുറമെ മറ്റ് പല യൂറോപ്യന്‍ രാജ്യങ്ങള്‍ ഗര്‍ഭനിരോധന (contraceptives) മാര്‍ഗങ്ങള്‍ സൗജന്യമായോ സബ്‌സിഡിയോട് കൂടിയോ വിതരണം ചെയ്യുന്നുണ്ട്.

Content Highlight: France president Emmanuel Macron says condoms will be free for anyone under 25 from 2023