| Wednesday, 28th June 2023, 12:32 am

മെസി-റോണോ ഫാന്‍ ഡിബേറ്റില്‍ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് ഫ്രാന്‍സ് പ്രസിഡന്റ്

സ്പോര്‍ട്സ് ഡെസ്‌ക്

ലയണല്‍ മെസി-ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ തന്റെ ഇഷ്ടതാരത്തെ തെരഞ്ഞെടുത്ത് ഫ്രാന്‍സ് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. ഇരുവരില്‍ റൊണാള്‍ഡോയാണ് ഫേവറിറ്റ് എന്നാണ് അദ്ദേഹം പറഞ്ഞത്. ജിയോ സിആര്‍സെവനിനോടാണ് മാക്രോണ്‍ ഇക്കാര്യം പങ്കുവെച്ചത്.

‘ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് ബെസ്റ്റ് എന്നാണ് എനിക്ക് തോന്നിയത്,’ മാക്രോണ്‍ പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റൊണാള്‍ഡോ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ സംഘര്‍ഷഭരിതമായ ദിനങ്ങളിലൂടെ കടന്നുപോയ റോണോ ക്ലബ്ബുമായി പിരിയുകയും മിഡില്‍ ഈസ്റ്റിലേക്ക് ചേക്കേറുകയുമായിരുന്നു.

രണ്ട് വര്‍ഷത്തെ കരാറില്‍ 200 മില്യണ്‍ യൂറോ വേതനം നല്‍കിയാണ് അല്‍ നസര്‍ താരത്തെ സൈന്‍ ചെയ്യിച്ചത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിനെ മുന്‍ പന്തിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഫുട്‌ബോളര്‍മാര്‍ക്ക് ലഭിക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന മൂല്യം നല്‍കി താരത്തെ അല്‍ നസര്‍ സ്വന്തമാക്കിയത്.

ഇതിനിടെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് ഫ്രീ ഏജന്റായ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണ് ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.

മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 Content Highlights: France president Emmanuel Macron praises Cristiano Ronaldo

We use cookies to give you the best possible experience. Learn more