പാരിസ്: ഫ്രാന്‍സില്‍ റാഡിക്കല്‍ ഇസ്‌ലാമിസത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നു. റിപബ്ലിക്കന്‍ മൂല്യങ്ങള്‍ക്ക് പ്രാഥമിക പരിഗണന നല്‍കുന്ന നിര്‍ദ്ദേശ പത്രിക ഫ്രഞ്ച് കൗണ്‍സില്‍ ഓഫ് ദ മുസ്‌ലിം ഫെയ്ത്തിനു (സി.എഫ്.സി.എം) മുന്നില്‍ സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. ഈ പത്രിക അംഗീകരിക്കാന്‍ 15 ദിവസത്തെ സമയമാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സംഘടനയ്ക്ക് നല്‍കിയിരിക്കുന്നത്.
പുതിയ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ ഇമാമുകളുടെ നാഷണല്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ സി.എഫ്.സി.എം സമ്മതമറിയിച്ചിട്ടുണ്ട്. ഈ കൗണ്‍സില്‍ ആയിരിക്കും രാജ്യത്തെ ഇമാമുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുക. ഇസ്‌ലാം ഒരു മതമാണെന്നും ഒരു രാഷ്ട്രീയ മൂവ്‌മെന്റല്ലെന്നും പത്രികയില്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ ഇസ്‌ലാമിസത്തെ തിരസ്‌കരിക്കാനും മസജിദുകളിലും മറ്റുമുള്ള വിദേശ ഇടപെടല്‍ ഒഴിവാക്കാനും പത്രിക നിഷ്‌കര്‍ഷിക്കുന്നു.
ഫ്രാന്‍സില്‍ മുസ്ലിം വിഭാഗവുമായി ബന്ധപ്പെട്ട നിരവധി പ്രഖ്യാപനങ്ങള്‍ ഇമ്മാനുവേല്‍ മക്രോണ്‍ നടത്തിയിരുന്നു. ചര്‍ച്ചുകളെ രാജ്യത്തെ ഭരണ നിര്‍വഹണ സംവിധാനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്ന 1905 ല്‍ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു മാക്രോണ്‍ നടത്തിയത്.
ഫ്രാന്‍സിലെ മുസ്‌ലിം ഗ്രൂപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വരുന്നത്. ഡിസംബര്‍ ഒമ്പതിനാണ് ഈ ഭേദഗതികള്‍ അടങ്ങിയ ഡ്രാഫ്റ്റ് മന്ത്രിസഭയില്‍ അവതരിപ്പിക്കുക.
പള്ളികളിലെ ഇമാമിന് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്തു നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. കുട്ടികള്‍ക്ക് മതപഠനം കുറയ്ക്കാനായി വീടുകളില്‍ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങള്‍ പ്രകാരം ഫ്രാന്‍സിലെ മുസ്ലിം സംഘടനകള്‍ക്ക് ഇനി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് ഗണ്യമായി കുറയും.
പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസില്‍ കാണിച്ചതിന്റെ പേരില്‍ ഒക്ടോബര്‍ 16 ന് ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടിരുന്നു. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.
ഇതിനു പിന്നാലെ നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഇതിനു ശേഷം ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ വെടിവെപ്പ് നടന്നിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക