പാരീസ്: ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക വീശി പ്രതിഷേധിച്ച ഇടത് എം.പി സെബാസ്റ്റ്യൻ ഡെലോഗുവിന് സസ്പെൻഷൻ. ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്ര പദവി ഫ്രാൻസ് അംഗീകരിക്കുമോ എന്ന വിഷയത്തിൽ സംസാരിക്കവെയാണ് സെബാസ്റ്റ്യൻ ഫലസ്തീൻ പതാക ഉയർത്തി പ്രതിഷേധിച്ചത്. തുടർന്ന് ചൊവ്വാഴ്ച അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
ഫ്രാൻസ് അൺബോർഡ് പാർട്ടിയുടെ മാർസയിലെ എം.പി ആണ് അദ്ദേഹം.
‘സർക്കാരിനോട് ചോദ്യം ചോദിക്കവെ അദ്ദേഹം ഫലസ്തീൻ പതാകയുമായി എഴുന്നേറ്റു. ഇത് ഒരിക്കലും സ്വീകാര്യമായ പ്രവർത്തിയല്ല,’ സ്പീക്കർ യേൽ ബ്രൗൺപിവൈറ്റ് പറഞ്ഞു.
അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും അദ്ദേഹത്തിന്റെ പാർലമെന്ററി അലവൻസ് രണ്ട് മാസത്തേക്ക് പകുതിയായി കുറക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം പ്രതിഷേധാത്മകമായി പാർലമെന്റിൽ നിന്ന് വാക് ഔട്ട് നടത്തി.
നിറഞ്ഞ കയ്യടികളോടുകൂടിയായിരുന്നു സഭയിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രതിഷേധത്തെ സ്വീകരിക്കുകയും പ്രശംസിക്കുകയും ചെയ്തത്.
‘ലോകത്ത് സമാധാനം കൊണ്ടുവരാനുള്ള ദൗത്യം ഞങ്ങൾ ഇനിയും ഉയർത്തിപ്പിടിക്കുക തന്നെ ചെയ്യും. അതിനായി എവിടെയും ഏത് സമയത്തും ഞങ്ങൾ ധൈര്യപൂർവം മുന്നോട്ട് വരിക തന്നെ ചെയ്യും,’ എൽ.എഫ്.ഐ പാർട്ടി തങ്ങളുടെ നിലപാട് എക്സിൽ കുറിച്ചു.
എന്നാൽ ചില എം.പിമാർ അദ്ദേഹത്തിന്റെ സസ്പെൻഷൻ ആഘോഷിക്കുകയും ചെയ്‌തെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്പെയിൻ, അയർലൻഡ്, നോർവേ എന്നീ രാജ്യങ്ങൾ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ഔഗ്യോഗികമായി അംഗീകരിച്ച ദിവസമാണ് അദ്ദേഹം ഫ്രഞ്ച് പാർലമെന്റിൽ ഫലസ്തീൻ പതാക ഉയർത്തിയത്.
ഗസയിലെ വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദം ചെലുത്താൻ വേണ്ടിയാണ് നോർവെയും സ്പെയിനും അയർലാന്റും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഇതോടെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 145 ആയി.
എന്നാൽ ഫ്രാൻസ്, ബ്രിട്ടൻ, യു.എസ് തുടങ്ങിയ രാജ്യങ്ങൾ ഫലസ്തീനെ അംഗീകരിച്ചിട്ടില്ല.
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോൺ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ദിവസം പാർലമെന്റിലും അദ്ദേഹം തന്റെ നയം വ്യക്തമാക്കിയിരുന്നു.
‘ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. എന്നാൽ അതിനുള്ള സമയം ഇപ്പോഴും ആയിട്ടില്ല. ഏറ്റവും ഫലപ്രദമെന്ന് തോന്നുന്ന സമയത്ത് ഞങ്ങൾ അത് ചെയ്യുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
ഫ്രാൻസിൽ മാത്രമല്ല അയർലന്റിലെയും ഇറ്റലിയിലും എം.പിമാർ ഫലസ്തീനോടുള്ള അനുഭാവം പ്രകടിപ്പിക്കാൻ പാർലമെന്റിൽ ഫലസ്തീൻ പതാക വീശിയിരുന്നു.
ഫൈവ് സ്റ്റാർ മൂവ്മെന്റിൽ നിന്നുള്ള ഒരു കൂട്ടം പ്രതിഷേധക്കാർ ചൊവ്വാഴ്ച മിഡിൽ ഈസ്റ്റ് പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചയിൽ ചേംബർ ഓഫ് ഡെപ്യൂട്ടീസിൽ ഫലസ്തീൻ പതാക ഉയർത്തിയിരുന്നു. ഇറ്റാലിയൻ സർക്കാർ ഫലസ്തീനെ അംഗീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
‘ഒരു പതാകയ്ക്ക് ചുറ്റും അണി നിരക്കാനുള്ള ഒരു സമൂഹത്തിന്റ അവകാശം അംഗീകരിക്കാൻ നമ്മളൊരിക്കലും ഭയപ്പെടാൻ പാടില്ല,’ ഫൈവ് സ്റ്റാർ മൂവ്മെന്റിന്റെ എം.പിയായ റിക്കാർഡോ റിക്കാർഡി പറഞ്ഞു.
Content Highlight: France national assembly session suspended after MP waves Palestinian flag