| Wednesday, 19th January 2022, 2:00 pm

രക്തബന്ധത്തില്‍പ്പെട്ടവരുമായി ലൈംഗിക ബന്ധം ഇനി ഫ്രാന്‍സില്‍ ക്രിമിനല്‍ കുറ്റം; ഫ്രഞ്ച് വിപ്ലവത്തിന് ശേഷമുള്ള ആദ്യനീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരിസ്: രക്തബന്ധത്തില്‍ പെട്ടവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് (Incest) ക്രിമിനല്‍ കുറ്റമാക്കാനൊരുങ്ങി ഫ്രാന്‍സ്. ഇത്തരത്തില്‍ ഏത് പ്രായത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധമുണ്ടായാലും നിയമവിരുദ്ധമായി കണക്കാക്കി കേസെടുക്കാനാണ് നീക്കം.

1791ശേഷം ആദ്യമായാണ് ഫ്രാന്‍സ് ഇത്തരമൊരു നീക്കത്തിന് മുതിരുന്നത്.

കുട്ടികളൊഴിച്ച്, പ്രായപൂര്‍ത്തിയായ ആളുകള്‍ തന്റെ കുടുംബത്തിലുള്ളവരുമായി, രക്തബന്ധത്തിലുള്ളവരുമായി പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിലവില്‍ ഫ്രാന്‍സില്‍ നിയമവിധേയമാണ്.

എന്നാല്‍ ഇനിമുതല്‍, ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ട് പേരും 18 വയസിന് മുകളിലായാല്‍ പോലും അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ഫ്രാന്‍സിലെ കുട്ടികളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ സ്റ്റേറ്റ് സെക്രട്ടറി അഡ്രിയെന്‍ ടാക്വെറ്റ് പറഞ്ഞു.

ഇത്തരം ബന്ധങ്ങളെ പൂര്‍ണമായും നിരോധിക്കുന്നതിനെയാണ് താന്‍ പിന്താങ്ങുന്നതെന്നും ടാക്വെറ്റ് പറഞ്ഞു.

”ഇത് പ്രായത്തിന്റെയോ മുതിര്‍ന്നവരുടെ പരസ്പര സമ്മതത്തിന്റെയോ പ്രശ്‌നമല്ല. ഇന്‍സെസ്റ്റിനെതിരെയാണ് (Incest) ഞങ്ങള്‍ പോരാടുന്നത്. സന്ദേശങ്ങള്‍ എപ്പോഴും നല്ലതായിരിക്കണം.

പ്രായം എന്ത് തന്നെയായാലും നിങ്ങളുടെ മാതാവോ പിതാവോ മകളോ ആയി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പാടില്ല,” എ.എഫ്.പിക്ക് നല്‍കിയ പ്രതികരണത്തില്‍ ടാക്വെറ്റ് പറഞ്ഞു.

അച്ഛന്‍, അമ്മ, സഹോദരങ്ങള്‍, മറ്റ് അടുത്ത രക്തബന്ധത്തിലുള്‍പ്പെട്ടവര്‍ എന്നിവരുമായുള്ള ലൈംഗിക ബന്ധമായിരിക്കും ഇനി മുതല്‍ നിയമവിരുദ്ധമായി കണക്കാക്കുക.

ഇതോടെ ഇന്‍സെസ്റ്റ് ക്രിമിനല്‍ കുറ്റമാക്കിയിട്ടുള്ള മറ്റ് നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെ പട്ടികയിലേക്ക് ഫ്രാന്‍സ് കൂടെ എത്തും.

അതേസമയം കസിന്‍സ് ആയ ആളുകള്‍ക്ക് വിവാഹം കഴിക്കുന്നതിന് പുതിയ നിയമമാറ്റത്തില്‍ തടസമില്ല.

രക്തബന്ധത്തിലുള്ളവര്‍ തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് നിരോധിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കുറച്ച് കാലമായി ഫ്രാന്‍സില്‍ സജീവമായിരുന്നു. വിവിധ കേസുകള്‍ വിഷയത്തില്‍ ഉയര്‍ന്നതോടെയാണ് ഇപ്പോള്‍ ഈ തീരുമാനത്തിലേക്ക് രാജ്യം എത്തിയിരിക്കുന്നത്.

ഇന്‍സെസ്റ്റ്, ദൈവനിന്ദ, സ്വവര്‍ഗരതി എന്നിവയെ ക്രിമിനല്‍ കുറ്റത്തിന്റെ വിഭാഗത്തില്‍ നിന്നും 1791ല്‍ അവരുടെ ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: France moves to ban incest, sex between relatives, for the first time since 1791 after series of scandals

We use cookies to give you the best possible experience. Learn more