ഫ്രാന്‍സ് ഇന്റര്‍നാഷ്ണല്‍ എന്‍’ഗോലോ കാന്റെ സൗദി അറേബ്യന്‍ ലീഗില്‍ ചേരുമെന്നത് സ്ഥിരീകരിച്ചു. നിലവില്‍ ഫ്രീ ഏജന്റായ കാന്റെ അടുത്ത സീസണില്‍ സൗദി ലീഗില്‍ ഇത്തിഹാദില്‍ കളിക്കുമെന്നും അദ്ദേഹത്തിന്റെ ആദ്യഘട്ട മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായെന്നും ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു.
ഏകദേശം 100 മില്യണ്‍ യൂറോയും കഴിഞ്ഞ ദിവസങ്ങളില്‍ അംഗീകരിച്ച നിബന്ധനകളുമായിരിക്കും കാന്റെക്കുള്ള അല്‍ ഇത്തിഹാദിന്റെ വാഗ്ദാനമെന്ന് ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016 മുതല്‍ ചെല്‍സിയുടെ പ്രാധാന താരമാണ് എന്‍’ഗോലോ കാന്റെ. പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, എഫ്.എ കപ്പ് കിരീട നേട്ടത്തില്‍ കാന്റെ ചെല്‍സിക്കൊപ്പമുണ്ടായിരുന്നു. 35 വയസാണ് താരത്തിന്റെ പ്രായം. 2018ല്‍ ഫ്രാന്‍സ് ലോകകപ്പ് ചാമ്പ്യന്മാരായപ്പോള്‍ ടീമിന്റെ ഭാഗമായിരുന്ന കാന്റെക്ക് പരിക്ക് കാരണം 2022ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനായിരുന്നില്ല.
യൂറോപ്പില്‍ നിന്ന് വന്‍ തുക കൊടുത്ത് ഇത്തിഹാദ് തങ്ങളുടെ തട്ടകത്തിലെത്തിക്കുന്ന രണ്ടാമത്തെ താരമാണ് കാന്റെ. സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡുമായി പിരിഞ്ഞ കരിം ബെന്‍സിമ അല്‍ ഇത്തിഹാദുമായി കരാറില്‍ ഒപ്പുവെച്ചിരുന്നു. ഫ്രണ്ട് ഓഫീസ് സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 643 മില്യണ്‍ യൂറോക്ക് മൂന്നുവര്‍ഷത്തെ കരാറിലാണ് ബെന്‍സിമയെ അല്‍ ഇത്തിഹാദ് സൈന്‍ ചെയ്തത്.
ഇതിനൊക്കെ പുറമെ സ്പാനിഷ് താരം സെര്‍ജിയോ റാമോസിനെ കൂടി അല്‍ ഇത്തിഹാദ് സ്വന്തമാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസമാണ് റാമോസ് രണ്ട് വര്‍ഷത്തെ കരാറിന് ശേഷം പാരീസിയന്‍ ക്ലബ്ബുമായി പിരിഞ്ഞത്. ഇത്തിഹാദും റാമോസും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നുമാണ് പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റായ ഹാവിയര്‍ ഹെറാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
Content Highlight: France international N’Golo Kante has confirmed he will join the Saudi Arabian League