പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ഫ്രാന്‍സിലെ പ്രതിഷേധം തുടരുന്നു.
പ്രവാചകനെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ ഫ്രാന്‍സില്‍ ഒരിക്കലും പിന്‍വലിക്കില്ലെന്നാണ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ അറിയിച്ചത്.
‘ഞങ്ങള്‍ കാര്‍ട്ടൂണുകള്‍ ഉപേക്ഷിക്കില്ല, നമ്മുടെ ഭാവി സ്വന്തമാക്കാന്‍ വേണ്ടിയാണ് ഇസ്‌ലാമിസ്റ്റുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. അവര്‍ക്കൊരിക്കലും അത് ലഭിക്കില്ല,’ മക്രോണ്‍ പറഞ്ഞു.
പാരീസിലെ സൊര്‍ബോണ്‍ സര്‍വകലാശാലയില്‍ സാമുവല്‍ പാറ്റിയുടെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ചടങ്ങില്‍ വെച്ച് സാമുവേല്‍ പാറ്റിക്ക് ഫ്രാന്‍സിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ലെജിയന്‍ ഓഫ് ഹോണര്‍ പുരസ്‌കാരം നല്‍കി മക്രോണ്‍ ആദരിച്ചു. ജനാധിപത്യത്തേയും മതേതരത്തത്തെയും ഭയപ്പെടുന്ന ഭീരുക്കളാണ് സാമുവല്‍ പാറ്റിയെ കൊലപ്പെടുത്തിയതെന്നും ഫ്രാന്‍സ് പ്രസിഡന്റ് പറഞ്ഞു.
രണ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിലവില്‍ കൊലപാതകത്തിനു കൂട്ടുനിന്നതിന്റെ പേരില്‍ കേസെടുത്തിട്ടുണ്ട്. പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കേസന്വേഷണം നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ജീന്‍ ഫ്രാങ്കോയ്‌സ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവര പ്രകാരം അധ്യാപകനെ കാണിച്ചു കൊടുത്തതിന് 350 യൂറോയോളം രൂപ ഇവര്‍ കൈപ്പറ്റിയിട്ടുണ്ട്. ഈ വിദ്യാര്‍ത്ഥികളുള്‍പ്പെടെ ഏഴുപേരാണ് നിലവില്‍ അധ്യാപകന്റെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
അധ്യാപകന്റെ ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. അധ്യാപകന്‍ ക്ലാസില്‍ കാര്‍ട്ടൂണ്‍ കാണിച്ചത് ഈ രക്ഷിതാവിനോട് വിദ്യാര്‍ത്ഥി പറഞ്ഞിരുന്നു. ഈ വിദ്യാര്‍ത്ഥി അന്ന് ക്ലാസില്‍ വന്നില്ലായിരുന്നു. മറ്റു കുട്ടികള്‍ പറഞ്ഞത് കേട്ടാണ് വിദ്യാര്‍ത്ഥി പിതാവിനെ വിവരം ധരിപ്പിച്ചത്. തുടര്‍ന്ന് ഇയാള്‍ അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ക്യാമ്പയിന്‍ നടത്തിയിരുന്നു.
ഒക്ടോബര്‍ 16 നാണ് സാമുവേല്‍ പാറ്റി കൊല്ലപ്പെട്ടത്. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.
വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: France government angry on history teacher beheaded, macrons says will not give up cartoons