| Sunday, 21st January 2024, 12:28 pm

സ്വന്തം രാഷ്ട്രത്തിന് ഫലസ്തീനികള്‍ക്ക് അവകാശമുണ്ട്, ലക്ഷ്യം നേടുന്നത് വരെ അവര്‍ക്കൊപ്പം; നെതന്യാഹുവിന് മറുപടിയുമായി ഫ്രാന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: ദ്വിരാഷ്ട്ര പരിഹാരത്തിനെതിരായ ഇസ്രഈലിന്റെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ഫലസിതീന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സ്. സ്വന്തം രാഷ്ട്രം രൂപീകരിക്കാന്‍ ഫലസ്തീന് അധികാരമുണ്ടെന്നും ഇതിനായി അവസാന നിമിഷം വരെ ഫലസ്തീനൊപ്പം നിലകൊള്ളുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്‌റ്റെഫാന്‍ സെജോണ്‍ വ്യക്തമാക്കി.

ഫലസ്തീന്‍ രൂപീകരണത്തിനെതിരെ ഇസ്രഈല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു അടക്കമുള്ളവര്‍ പ്രതികൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയായിരുന്നു ഫ്രാന്‍സിന്റെ പ്രതികരണം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഫഞ്ച് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.

‘പരമാധികാരത്തിനും രാഷ്ട്രപദവികള്‍ക്കുമുള്ള അവകാശം ഫലസ്തീനികള്‍ക്കുണ്ട്. ഈ ലക്ഷ്യത്തിനായുള്ള തങ്ങളുടെ പ്രതിബദ്ധതയില്‍ ഫ്രാന്‍സ് പൂര്‍ണമായും വിശ്വാസ്യത പുലര്‍ത്തും,’ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

അതേസമയം, ഫലസ്തീനിനെ ഒരു രാജ്യമായി അംഗീരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്ന് എക്യരാഷ്ട്ര സഭയുടെ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ശനിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ശനിയാഴ്ച ഉഗാണ്ടന്‍ തലസ്ഥാനമായ കാംപാലയില്‍ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ (നോണ്‍ അലൈന്‍ഡ് മൂവ്മെന്റ്, എന്‍.എ.എം) ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഫലസ്തീന്‍ ജനതയുടെ രാഷ്ട്ര പദവിക്കുള്ള അംഗീകാരം നിഷേധിക്കുന്ന നിലപാട് സ്വീകാര്യമല്ലെന്നും സ്വന്തമായി ഒരു രാഷ്ട്രമെന്ന അവരുടെ ആവശ്യം എല്ലാവരും അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗസ സ്ട്രിപ്പില്‍ ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധം തുടരുന്ന സാഹചര്യത്തിലാണ് ഗുട്ടറസ് ഇക്കാര്യം പറഞ്ഞത്.

ഈ യുദ്ധം ഇത്തരത്തില്‍ തുടര്‍ന്നാല്‍ ലോകത്തിന്റെ സമാധാനത്തിന് തന്നെ ഭീഷണയാകുമെന്നും ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് യു.എന്‍. ജനറല്‍ സെക്രട്ടറി സൂചിപ്പിച്ചു.

ഗസ മുനമ്പിലെ ഇസ്രഈലിന്റെ നിയമവിരുദ്ധമായ കടന്നുകയറ്റത്തെ ശക്തമായി അപലപിച്ച ഉച്ചകോടി ശാശ്വതമായ വെടി നിര്‍ത്തല്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. ഈസ്റ്റ് അല്‍ ഖുദ്സ് തലസ്ഥാനമാക്കി ഫലസ്തീന്‍ രാജ്യത്തിന്റെ രാഷ്ട്ര നിര്‍മാണത്തിനും പരമാധികാരത്തിനും എന്‍.എ.എം ആഹ്വാനം ചെയ്തു.

Content highlight: France foreign minister says Palestinians have the right to statehood

We use cookies to give you the best possible experience. Learn more