ഫ്രാൻസ് ആരാധകർ 'കരച്ചിൽ നിർത്തണം'; ഫ്രഞ്ച് ഫാൻസിന് മറുപടിയുമായി അർജന്റൈൻ ഫാൻസ്‌
2022 FIFA World Cup
ഫ്രാൻസ് ആരാധകർ 'കരച്ചിൽ നിർത്തണം'; ഫ്രഞ്ച് ഫാൻസിന് മറുപടിയുമായി അർജന്റൈൻ ഫാൻസ്‌
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th December 2022, 2:52 pm

ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശകരമായ ഫൈനലിൽ മുൻ ചാമ്പ്യൻമാരായ ഫ്രാൻസിനെ മുട്ടുകുത്തിച്ച് അർജന്റീന കിരീടം ചൂടിയിരുന്നു.

ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ നിശ്ചിതസമയത്തും, അധികസമയത്തും സ്കോർ 3-3 എന്ന നിലയിലായിരുന്നു.

തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 4-2 എന്ന സ്കോറിന് വിജയിച്ചാണ് അർജന്റീന ലോകകിരീടത്തിൽ മുത്തമിട്ടത്.

ഇതോടെ ലയണൽ മെസിക്ക് തന്റെ രാജ്യാന്തര, ക്ലബ്ബ് കരിയറിൽ പ്രധാനപ്പെട്ട എല്ലാ മേജർ ടൈറ്റിലുകളും സ്വന്തമാക്കാൻ സാധിച്ചിരുന്നു.
എന്നാൽ മത്സരത്തിൽ അർജന്റീന ജയിച്ചതോടെ വലിയ പ്രതിഷേധങ്ങളാണ് ഫ്രഞ്ച് ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്ന് വന്നത്.

മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ ദിവസം പാരിസ്, ലിയോൺ അടക്കമുള്ള സിറ്റികളിൽ ഫ്രഞ്ച് ആരാധകർ കലാപം അഴിച്ച് വിട്ടിരുന്നു. കൂടാതെ ഫ്രഞ്ച് ടീമിലെ ആഫ്രിക്കൻ വംശജരായ കളിക്കാർക്കെതിരെയും പെനാൽട്ടി നഷ്ടമാക്കിയതിന്റെ പേരിൽ ഫ്രഞ്ച് ആരാധകർ വംശീയ ആക്ഷേപങ്ങൾ ചൊരിഞ്ഞിരുന്നു.

കൂടാതെ ഫ്രാൻസ്-അർജന്റീന ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന വിചിത്ര ആവശ്യവും ഫ്രാൻസ് ആരാധകർ ഉയർത്തിയിരുന്നു. ഇതിനായി ‘മെസ്ഒപ്പീനിയൻസ്’ എന്ന വെബ്സൈറ്റിലൂടെ ഏകദേശം രണ്ട് ലക്ഷം പേർ ഒപ്പുവെച്ച പെറ്റീഷനാണ് ഫിഫക്ക് നൽകിയത്.

മത്സരത്തിൽ ഗോളുകൾ അനുവദിക്കപ്പെട്ടതിൽ അനാസ്ഥയുണ്ടായെന്ന കാരണം നിരത്തിയാണ് ഫൈനൽ മത്സരം രണ്ടാമത് നടത്തണമെന്ന് ഫ്രഞ്ച് ആരാധകർ ആവശ്യപ്പെട്ടത്.

മത്സരത്തിലെ ഡി മരിയ സ്കോർ ചെയ്ത രണ്ടാം ഗോളിന് മുമ്പ് ഫ്രഞ്ച് സൂപ്പർതാരം എംബാപ്പെ ഫൗൾ ചെയ്യപ്പെട്ടിരുന്നെന്നും അത്‌ കൊണ്ട് ആ ഗോൾ അനുവദിച്ചു കൊടുക്കരുതെന്നുമാണ് ഫ്രഞ്ച് ആരാധകർ മത്സരം വീണ്ടും നടത്താനായി ഉന്നയിക്കുന്ന പ്രധാന വാദം.

എന്നാൽ ഇപ്പോൾ ഫ്രഞ്ച് ആരാധകരുടെ ഓൺലൈൻ പെറ്റീഷന് പകരമായി മറ്റൊരു പെറ്റീഷനുമായി രംഗത്തെത്തിയിരിക്കുകയാണ് അർജന്റൈൻ ആരാധകർ. ‘ഫ്രാൻസ് കരച്ചിൽ നിർത്തണം'(France Stop Crying) എന്ന പേരിൽ ചേഞ്ച്‌. ഒ.ആർ.ജി (change.org) എന്ന വെബ്സൈറ്റിൽ ആരംഭിച്ച മറുപടി പെറ്റീഷനിൽ 65,000 പേർ ഇത് വരെ ഒപ്പുവെച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കൂടാതെ അർജന്റീനയുടെ കിരീടനേട്ടം ഫ്രാൻസ് അംഗീകരിക്കണമെന്നും ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മെസിയാണെന്ന് സമ്മതിക്കണമെന്നും കൂടി പെറ്റീഷനിൽ പറയുന്നുണ്ട്.

അതേസമയം ഫുട്ബോളിൽ മത്സരം പരാജയപ്പെടുമ്പോൾ ഇത്തരത്തിൽ പെറ്റീഷനുകൾ ഉയർന്ന് വരുന്നത് പുതിയ കാര്യമല്ല. 2020 യൂറോകപ്പിൽ ഫ്രാൻസ് സ്വിറ്റ്സർലൻഡിനോട് പരാജയപ്പെട്ടപ്പോഴും ടോട്ടൻഹാമിനെതിരെയുള്ള ചെൽസിയുടെ മത്സരത്തിൽ റഫറി ആന്റണി ടെയ്ലർക്കെതിരെയും സമാനമായ തരത്തിൽ മുമ്പ് ഓൺലൈൻ പെറ്റീഷനുകൾ ഉയർന്ന് വന്നിട്ടുണ്ട്.

 

Content Highlights: France fans should ‘stop crying’; Argentina fans reply to French fans