ഖത്തര്‍ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഫ്രാന്‍സ് സെമിയില്‍. 2-1നാണ് നിലവിലെ ചാമ്പ്യന്‍മാരായ ഫ്രാന്‍സിന്റെ വിജയം. ഇതോടെ സെമിയില്‍ മൊറോക്കൊയെ ഫ്രാന്‍സ് നേരിടും.
ച്യൂവേമിനി നേടിയ സൂപ്പര്‍ ഗോളാണ് ഫ്രാന്‍സിനെ ആദ്യം മുന്നിലെത്തിച്ചത്. 17ാം മിനിട്ടില്‍ അന്റോണിയ ഗ്രീസ്മാന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. ഗ്രീസ്മാന്‍ നല്‍കിയ
പന്ത് ബോക്‌സിന് പുറത്തുനിന്ന് തന്നെ അതിവേഗ ഷോട്ടിലൂടെ ഇംഗ്ലണ്ട് ഡിഫന്റര്‍മാരെയും ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡിനെയും മറികടന്ന് പന്ത് വലയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്ന് ഫ്രാന്‍സിന്റെ ഗോള്‍ മുഖത്തേക്ക് ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും 54ാം മിനിട്ടില്‍ ഒരു പെനാല്‍ട്ടി ലഭിക്കേണ്ടിവന്നു ഇംഗ്ലണ്ടിന് തിരിച്ചടിക്കാന്‍.
ഗോള്‍നേടിയ ച്യൂവേമിനി തന്നെയായിരുന്നു ഈ പെനാല്‍ട്ടിയുടെ കാരണക്കാരന്‍.
53ാം മിനിട്ടില്‍ സാക്കയെ ബോക്സിനുള്ളില്‍വെച്ച് ച്യൂവേമിനി ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ അനായാസമായി പെനാല്‍ട്ടി വലയിലെത്തിച്ചപ്പോഴാണ് സ്‌കോര്‍ 1-1ലെത്തിയത്.
തുടര്‍ന്ന് 78ാം മിനിട്ടില്‍ ജിറൂദിന്റെ ഗോളിലൂടെ ഫ്രാന്‍സ് 2-1ന്റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ 80ാം മിനിട്ടിന്റെ തുടക്കത്തില്‍ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ടിന് ഒരു പെനാള്‍ട്ടി കൂടെ ലഭിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ അടിച്ച് ഹാരി കെയ്ന്‍ അത് പാഴാക്കുകയായിരുന്നു.
ആദ്യ ഇലവണ്‍
ടീം ഇംഗ്ലണ്ട്: പിക്ഫോര്‍ഡ്(ഗോള്‍ കീപ്പര്‍) , വാല്‍ക്കര്‍, ലൂക്ക് ഷോ, സ്റ്റോണസ്, മഗ്വവെയ്ര്‍, റെയ്സ്, ഹെന്‍ഡേഴ്സണ്‍, ബെല്ലിങ്ഹാം, ഹാരി കെയ്ന്‍(ക്യാപ്റ്റന്‍) , സാക്ക, ഫോഡന്‍
ടീം ഫ്രാന്‍സ്: ഹ്യൂഗോ ലോറിസ്( ഗോള്‍ കീപ്പര്‍, ക്യാപ്റ്റന്‍), വരാനെ, കുന്‍ദെ, അമക്കാനോ, ഹെര്‍ണാണ്ടസ്, ഗ്രീസ്മാന്‍, തെക്മേനി, എംബാപ്പെ, ഡംബലെ, റാബിയോട്ട്, ജെറൂദ്.
ക്വാര്‍ട്ടറിലേക്കുള്ള വഴി
ഇതുവരെ ഒരു പരാജയം പോലും അറിയാതെയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാനെ 6-2 ന് തകര്‍ത്താണ് ഇംഗ്ലണ്ട് ലോകകപ്പില്‍ തുടങ്ങുന്നത്. പിന്നീട് രണ്ടാം മത്സരത്തില്‍ അമേരിക്കയോട് സമനില വഴങ്ങിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ അധികാരിമായി വിജയിച്ച് തന്നെയാണ് ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തിയത്.
എന്നാല്‍ ആദ്യ രണ്ട് മത്സരത്തില്‍ വിജയിച്ച് തുടങ്ങിയ ഫ്രാന്‍സ് ഗ്രൂപ്പിലെ മൂന്നാം മത്സരത്തില്‍ ടുണീഷ്യയോട് പരാജയപ്പെട്ടിരുന്നു. പിന്നീട് പ്രീക്വാര്‍ട്ടറില്‍ പോളണ്ടിനെ 3-1ന് തകര്‍ത്താണ്‍ ക്വാര്‍ട്ടറിലെത്തുന്നത്.
Content highlight: France- England world cup quarter final update