പാരീസ്: ഫ്രാൻസിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ മുന്നേറ്റം. തീവ്ര വലതു പക്ഷത്തേയും പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന്റെ മധ്യ പക്ഷ സഖ്യത്തെയും പിന്തള്ളിയാണ് ഇടതുപക്ഷ സഖ്യം മുന്നിട്ട് നിൽക്കുന്നത്.
577 സീറ്റുകളുള്ള നാഷണൽ അസംബ്ലിയിൽ ഇതുവരെ ആർക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. അത് കൊണ്ട് തന്നെ തൂക്കു മന്ത്രി സഭ വരാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഇടതുപക്ഷ ഗ്രൂപ്പ് 177 സീറ്റുകൾ നേടി. മാക്രോണിൻ്റെ എൻസെംബിൾ 148 സീറ്റുകളും മറൈൻ ലെ പെന്നിന്റെ നാഷണൽ റാലി (ആർ.എൻ) 142 സീറ്റുകളും നേടി.
ഞായറാഴ്ച നടന്ന ആദ്യഘട്ട വോട്ടെടുപ്പിൽ മറൈൻ ലെ പെന്നിന്റെ നാഷണൽ റാലിയായിരുന്നു മുന്നിൽ. എന്നാൽ രണ്ടാംഘട്ട വോട്ടെടുപ്പിൽ സഖ്യത്തിന്റെ ലീഡ് നില കുറയുകയായിരുന്നു.
പ്രധാനമന്ത്രി ഗബ്രിയേൽ അടൽ രാജി പ്രഖ്യാപിച്ചിരിക്കുകയാണ്. ‘നമ്മുടെ രാജ്യം അഭൂതപൂർവമായ രാഷ്ട്രീയ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്, ഏതാനും ആഴ്ചകൾക്കുള്ളിൽ ലോകത്തെ സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ്, അതുകൊണ്ട് തന്നെ ഡ്യൂട്ടി ആവശ്യപ്പെടുന്നിടത്തോളം സമയം അത് ചെയ്യാൻ ഞാൻ ബാധ്യസ്ഥനുമാണ്,’ ഗബ്രിയേൽ പറഞ്ഞു.
തെരഞ്ഞടുപ്പിൽ ഫ്രാൻസിലെ വലതുപക്ഷ സഖ്യം നേരിട്ട് കൊണ്ടിരിക്കുന്ന പരാജയ സൂചനകൾ വലിയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തുടർന്ന് സെൻട്രൽ പാരീസിലെ റിപ്പബ്ലിക്ക് സ്‌ക്വയറിൽ ഇടത് പക്ഷ അനുഭാവികൾ ഒത്തു കൂടുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു.