യാസര്‍ അറാഫാതിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഫ്രാന്‍സ് അവസാനിപ്പിച്ചു
Daily News
യാസര്‍ അറാഫാതിന്റെ മരണത്തെ കുറിച്ചുള്ള അന്വേഷണം ഫ്രാന്‍സ് അവസാനിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd September 2015, 10:38 am

arafat

പാരീസ്: പലസ്തീന്‍ നേതാവായിരുന്ന യാസര്‍ അറാഫതിനെ പൊളോണിയം കുത്തി വെച്ച് കൊലപ്പെടുത്തിയതിനെ കുറിച്ച് നടത്തിയ അന്വേഷണം അവസാനിപ്പിക്കുന്നതായി ഫ്രഞ്ച് അധികൃതര്‍. അറഫാതിനെ കൊലപ്പെടുത്തിയതാണെന്ന് തെളിയിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് വാദം കേട്ട ഫ്രഞ്ച് കോടതി ഉത്തരവിട്ടു.

അതേ സമയം അറാഫതിന്റെ കൊലയാളിയെ കണ്ടെത്തുന്നത് വരെ അന്വേഷണം തുടരുമെന്ന് പലസ്തീനിയന്‍ അതോറിറ്റി അറിയിച്ചു.

2004 നവംബര്‍ 11 നാണ് യാസര്‍ അറഫാത് പാരീസിലെ ഒരു ആശുപത്രിയില്‍ മരണപ്പെടുന്നത്. വയറിലെ അസുഖങ്ങളെ തുടര്‍ന്ന് റാമല്ലയിലെ ചികിത്സ മതിയാകാത്തതിനെ തുടര്‍ന്നാണ് അറഫാതിനെ ഫ്രാന്‍സിലെത്തിച്ചിരുന്നത്. പിന്നീട് സ്വിറ്റ്‌സര്‍ലണ്ടില്‍ നടത്തിയ പരിശോധനകളെ തുടര്‍ന്നായിരുന്നു അറാഫതിന്റെ ശരീരത്തില്‍ പൊളോണിയത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നത്. അല്‍ ജസീറയായിരുന്നു വാര്‍ത്ത പുറത്ത് വിട്ടിരുന്നത്.

അറഫാതിനെ ഇസ്രായേല്‍ കൊലപ്പെടുത്തിയതാണെന്ന സംശയത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ സുഹ അറാഫതാണ് കോടതിയെ സമീപിച്ചിരുന്നത്. അറാഫതിന്റെ ശവകുടീരത്തിലെത്തി സാമ്പിളുകളെടുത്താണ് പിന്നീട് അന്വേഷണം നടത്തിയിരുന്നത്.