| Wednesday, 23rd November 2022, 5:43 pm

കിരീടം നിലനിര്‍ത്താനുള്ള പോരാട്ടം കെങ്കേമം; ചരിത്രം തിരുത്താനുറച്ച് ഫ്രഞ്ച് പട

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ്കപ്പില്‍ ചാമ്പ്യന്‍മാരാകുന്ന രാജ്യം തൊട്ടടുത്ത ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്താകുന്നത് കാലങ്ങളായി ഫുട്‌ബോളില്‍ കാണുന്ന കാഴ്ചയാണ്. 2006ല്‍ ചാമ്പ്യന്‍മാരായതിന് ശേഷം തുടര്‍ച്ചയായ മൂന്ന് ടൂര്‍ണമെന്റുകളില്‍ യോഗ്യത നേടാന്‍ ആകാതെ പുറത്തിരുന്ന് മാത്രം കളി കാണാന്‍ വിധിക്കപെട്ട ഇറ്റലിയും, 2010, 2014 ലോകകപ്പുകള്‍ക്ക് ശേഷം ഗ്രൂപ്പ് ഘട്ടത്തില്‍ തന്നേ പുറത്താകേണ്ടി വന്ന സ്‌പെയിന്‍, ജര്‍മനി എന്നീ ടീമുകളും ഇതിനുദാഹരണങ്ങളാണ്.

എന്നാല്‍ ഇത്തവണ അത് തിരുത്തിക്കുറിക്കാന്‍ തയ്യാറായാണ് ഫ്രഞ്ച് പട ഖത്തറിലെത്തിയിരിക്കുന്നത്. പോള്‍ പോഗ്ബ, കരിം ബെന്‍സെമ, കാന്റെ തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ പരിക്കിന്റെ പിടിയില്‍പ്പെട്ട് ലോകകപ്പില്‍ നിന്ന് വിട്ട് നിന്നിട്ടും തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ കരുത്തന്‍മാരായ ഓസ്ട്രേലിയക്കെതിരെ 4-1ന്റെ പടുകൂറ്റന്‍ വിജയമാണ് ടീം ഫ്രാന്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇറ്റാലിയന്‍ ക്ലബ് യുവന്റസിന്റെ മിഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ, സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഫോര്‍വേഡും ബാലന്‍ ഡി ഓര്‍ ജേതാവുമായ കരിം ബെന്‍സെമ, ചെല്‍സിയുടെ സെന്‍ട്രല്‍ മിഡ് ഫീല്‍ഡര്‍ കാന്റെ തുടങ്ങിയ ഫ്രഞ്ച് പടയുടെ മുന്നണിപോരാളികളും ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിന്റെ ഡിഫന്‍ഡര്‍ ലൂക്കാസ് ഹെര്‍ണാണ്ടസ്, ഇറ്റാലിയന്‍ ക്ലബ് എ.സി. മിലാന്റെ ഗോള്‍ കീപ്പര്‍ മൈക്ക് മൈഗന്‍, ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ ഡിഫന്‍ഡര്‍ പ്രിസണല്‍ കിംബാപ്പെ, ജര്‍മന്‍ ക്ലബ് ആര്‍.ബി ലെയ്പ്സിഗ് മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റഫര്‍ കുന്‍കു തുടങ്ങി ഒട്ടേറെ ഫ്രഞ്ച് താരങ്ങള്‍ ആണ് ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പരിക്കിന്റെ പിടിയിലകപ്പെട്ടത്.

കരിം ബെന്‍സെമ

പോള്‍ പോഗ്ബ

കാന്റെ

സൂപ്പര്‍താരങ്ങളില്‍ പലരും വിട്ട് നില്‍ക്കുമ്പോള്‍ ഈ ലോകകപ്പ് എങ്ങനെ നേരിടുമെന്ന ആശങ്ക പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ ആശങ്കകളെ ആസ്ഥാനത്താക്കിക്കൊണ്ട് പരിക്കേറ്റവര്‍ക്കൊത്ത പകരക്കാരെയാണ് കോച്ച് ദിദിയര്‍ ദെഷാംസ് അണിനിരത്തിയിരിക്കുന്നത്.

ഒലിവര്‍ ജറൂദ്, ഡെംബാലെ, ഗ്രീസ്മാന്‍, കിലിയന്‍ എംബാപ്പെ, കോന്റെ തുടങ്ങിയവര്‍ അടങ്ങിയ സംഘം തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടാന്‍ ഉറച്ച് തന്നെയാണ് ഖത്തറില്‍ എത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ ഫ്രഞ്ച് പട തങ്ങളുടെ കരുത്ത് തെളിയിക്കുകയും ചെയ്തു.

ഓസ്‌ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ 27ാം മിനിട്ടില്‍ അഡ്രിയാന്‍ റാബിയോട്ടും 32,71 മിനിട്ടുകളില്‍ ഒളിവര്‍ ജിറൂദും 68ാം മിനിട്ടില്‍ എംബാപ്പെയുമാണ് ഫ്രഞ്ച് താരങ്ങള്‍ക്കായി വലകുലുക്കിയത്. അതേസമയം ക്രെയ്ഗ് ഗുഡ് വിന്‍ ആണ് ഓസ്‌ട്രേലിയക്കായി ആശ്വാസ ഗോള്‍ നേടിയ താരം.

Content Highlight: France defeated Australia in their first match

We use cookies to give you the best possible experience. Learn more