പാരിസ്: മുസ്‌ലിം യുവസംഘടനയുമായി ചര്‍ച്ച നടത്തിയതിന്റെ പേരില്‍ യൂറോപ്യന്‍ യൂണിയനോട് ചൊടിച്ച് ഫ്രാന്‍സ്. യൂറോപ്യന്‍ യൂണിയന്റെ തുല്യതാ കമ്മീഷന് നേരെയാണ് ഫ്രാന്‍സിലെ രണ്ട് മന്ത്രിമാര്‍ രോഷം പ്രകടിപ്പിച്ചത്.
തുല്യതാ കമ്മിഷന്‍ കമ്മീഷണറായ ഹെലെന ഡാലി, പാന്‍ യൂറോപ്യന്‍ മുസ്‌ലിം യുവസംഘടനയായ ‘ദ ഫോറം ഓഫ് യൂറോപ്യന്‍ മുസ്‌ലിം യൂത്ത് ആന്‍ഡ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷനു’മായി (എഫ്.ഇ.എം.വൈ.എസ്.ഒ) ചര്‍ച്ച നടത്തിയതിലാണ് മന്ത്രിമാര്‍ പ്രതിഷേധിച്ചത്.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 33 മുസ്‌ലിം യുവവിദ്യാര്‍ത്ഥി സംഘടനകളടങ്ങിയ ഒരു നെറ്റ്‌വര്‍ക്കാണ് എഫ്.ഇ.എം.വൈ.എസ്.ഒ മുമ്പും ഫ്രാന്‍സിലെ ഭരണകൂടം ഇസ്‌ലാമോഫോബിക് ആയ നിലപാടുകളും പോളിസികളും സ്വീകരിച്ചതിനെ സംഘടന വിമര്‍ശിച്ചിരുന്നു.
മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സംഘടനയെ ‘ഇസ്‌ലാമിസ്റ്റ് അസോസിയേഷന്‍’ എന്നാണ് ഫ്രാന്‍സിന്റെ പൗരത്വ വിഭാഗം സഹമന്ത്രി മര്‍ലീന്‍ ഷ്യപ്പ വിശേഷിപ്പിച്ചത്. തുല്യതാ കമ്മിഷന്‍ നടത്തിയ ചര്‍ച്ചയോട് ‘അസംബന്ധം’ എന്നാണ് ഫ്രാന്‍സ് സ്റ്റേറ്റ് സെക്രട്ടറി പ്രതികരിച്ചത്.
ഫ്രാന്‍സിലെ മുസ്‌ലിങ്ങളുടെ ഇസ്‌ലാം മതാചാരങ്ങളെ നിയന്ത്രിക്കാന്‍ ഭരണകൂടം മുമ്പം ശ്രമിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു.
എന്നാല്‍ യൂറോപ്പിലെ മുസ്‌ലിങ്ങളായ യുവാക്കളുടേയും വിദ്യാര്‍ത്ഥികളുടേയും സാഹചര്യമറിയാനും സ്റ്റീരിയോടൈപ്പിംഗ്, വിവേചനം, വിദ്വേഷം എന്നിവ കാരണം അവര്‍ നേരിടുന്ന വെല്ലുവിളികള്‍ മനസിലാക്കുന്നതിനും വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്ന് കമ്മിഷണര്‍ ഹെലെന ഡാലി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അവര്‍ ഇക്കാര്യം പറഞ്ഞത്.
ഈ വര്‍ഷമാദ്യം ഫ്രാന്‍സിലെ തീവ്ര വലതുപക്ഷക്കാരനായ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മനിനും ഇസ്‌ലാം വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇസ്‌ലാമിക ചരിത്രത്തെയും മുസ്‌ലിം ചരിത്ര കഥാപാത്രങ്ങളേയും പ്രോത്സാഹിപ്പിക്കുന്ന പുസ്തകങ്ങള്‍ വില്‍ക്കുന്ന പബ്ലിഷിംഗ് കമ്പനിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്.