ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും; പ്രക്ഷോഭം ശക്തമാകുന്നു;
World News
ഫ്രാന്‍സില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചേക്കും; പ്രക്ഷോഭം ശക്തമാകുന്നു;
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd December 2018, 7:29 pm

പാരീസ്: ഇന്ധന വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ നടക്കുന്ന പ്രക്ഷോഭം വന്‍കലാപത്തിലേക്ക് നീങ്ങുന്നു.പ്രക്ഷോഭം കൂടുതല്‍ ശക്തമായാല്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമെന്ന് ഫ്രഞ്ച് ഗവണ്‍മെന്റ് അറിയിച്ചു. പത്തുവര്‍ഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ കലാപത്തിനാണ് പാരീസും ലിയോണും അടക്കമുള്ള സുപ്രധാന നഗരങ്ങള്‍ വേദിയാകുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ കലാപത്തില്‍ 133 പേര്‍ക്ക് പരുക്കേല്‍ക്കുകയും 412 പേരെ അറസ്റ്റ് ചെയ്തതായും ഫ്രഞ്ച് പൊലീസ് അറിയിച്ചു.

ജിവിതച്ചെലവും ഇന്ദനവിലയും വര്‍ധിച്ചതിനെതിരെ രണ്ടാഴ്ച മുമ്പാണ് ഫ്രാന്‍സില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുന്നത്. സമാധാനപരാമയി പ്രക്ഷോഭം പിന്നീട് അക്രമത്തിലേക്ക് കടക്കുകയായിരുന്നു. യെല്ലോ വെസ്റ്റ്് മൂവ്‌മെന്റാണ് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുന്നത്. തീവ്ര ഇടത് പക്ഷമാണ് അക്രമത്തിന് നേതൃത്വം കൊടുക്കുന്നതെന്ന് ആഭ്യന്തരമന്ത്രി ബി.എഫ്.എം. ടിവിയോട് പറഞ്ഞു.

ALSO READ: ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അഴിമതിക്കേസില്‍ മതിയായ തെളിവുകള്‍ ലഭിച്ചതായി പൊലീസ്

ശനിയാഴ്ച നടന്ന സംഘര്‍ഷത്തില്‍ 23 പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. ആഭ്യന്തരയുദ്ധം രൂക്ഷമായ ഫ്രാന്‍സില്‍ പ്രതിഷേധക്കാര്‍ റോഡുകളെല്ലാം ഉപരോധിച്ചിരിക്കുകയാണ്. ഇതിനിടെ പ്രസിഡന്റ് മാക്രോണും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടിയന്തിരമായി യോഗം ചേര്‍ന്നു. യോഗത്തില്‍ പ്രതിഷേധക്കാരുമായി സംസാരിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രക്ഷോഭത്തിന് ഒരു ഘടനയോ നേതൃത്വമോ ഇല്ലാത്തത് അധികൃതരെ കുഴയ്ക്കുന്നുണ്ട്.

ഇതിനിടെ സമാധാനപരായി പ്രക്ഷോഭം നടത്തുന്നവരെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിക്കുന്നതായി സര്‍ക്കാര്‍ പ്രതിനിധി ബെഞ്ചമിന്‍ ഗ്രിവോക്‌സ് അറിയിച്ചു. പ്രക്ഷോഭം ഇതുപോലെ ശക്തമായി തുടരുകയാണങ്കില്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമെന്നും ബെഞ്ചമിന്‍ റേഡിയോ വണ്ണിനോട് പറഞ്ഞു.

നവംബര്‍ 17നാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പ്രക്ഷോഭം ശക്തിയാര്‍ജിച്ചത്. പ്രക്ഷോഭം തണുപ്പിക്കുന്നതിനായി ഫ്രഞ്ച് ഗവണ്‍മെന്റ് രാജ്യത്തുടനീളം ഷോപ്പിങ് മാളുകളും പെട്രോള്‍ പമ്പുകളും ഉപരോധിച്ചിരിക്കുകയാണ്.