| Monday, 2nd July 2012, 11:35 am

ഫ്രഞ്ച് ഫുട്‌ബോള്‍ കോച്ച് ബ്ലാങ്ക് സ്ഥാനമൊഴിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ് : യൂറോക്കപ്പ് ക്വാര്‍ട്ടറില്‍ പുറത്തായതിന് പുറമേ ഫ്രാന്‍സിന്റെ കോച്ച് ലോറന്‍സ് ബ്ലാങ്ക് സ്ഥാനമൊഴിയുന്നു. ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി കരാര്‍ പുതുക്കല്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണ് വിരമിക്കുന്നതെന്ന് ബ്ലാങ്ക് പറഞ്ഞു. ബ്ലാങ്കിന്റെ രണ്ടു വര്‍ഷത്തെ കാലാവധി ഈ ശനിയാഴ്ച്ചയാണ് അവസാനിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഫ്രാന്‍സ് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബ്ലാങ്ക് ഫ്രഞ്ച് കോച്ചാവുന്നത്. പിന്നീട് തോല്‍വിയറിയാതെ 23 കളികളില്‍ ഫ്രാന്‍സ് വിജയിച്ചതും ബ്ലാങ്കിന്റെ മേല്‍നോട്ടത്തിലായിരുന്നു.

യൂറോക്കപ്പില്‍ സ്‌പെയിനിനോടേറ്റ തോല്‍വിയെ തുടര്‍ന്നുണ്ടായ വിവാദമാണ് ബ്ലാങ്കിന്റെ വിരമിക്കലിന്റെ കാരണമായി പറയുന്നുണ്ട്. ടീമംഗം ബെന്‍ ആര്‍ഫയും ബ്ലാങ്കും തമ്മില്‍ ഡ്രസ്സിങ് റൂമില്‍ വാഗ്വാദം നടന്നത് വാര്‍ത്തയായിരുന്നു.

ഫ്രാന്‍സിന് ലോകകപ്പ് നേടിക്കൊടുത്ത മുന്‍ ക്യാപ്റ്റന്‍ ദിദിയര്‍ ദെഷാംപസ് ടീമിന്റെ പുതിയ കോച്ചാകുമെന്നാണ് ഫ്രഞ്ച് ഫുട്‌ബോള്‍ ഫെഡറേഷനുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സൂചന.

1998 ലെ ലോകകപ്പില്‍ ഫ്രാന്‍സിനെ വിജയത്തിലേക്ക് നയിച്ച നായകനാണ് ദെഷാംപസ്. 2004 ല്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മൊണോക്കോ ഫൈനലിലെത്തിയതും ദെഷാംപസിന്റെ ശിഷ്യണത്തിലായിരുന്നു.

We use cookies to give you the best possible experience. Learn more