ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെയും ഫുട്‌ബോള്‍ ആരാധകരെയും ഒരുപോലെ ഞെട്ടിച്ചാണ് സൂപ്പര്‍ താരവും ബാലണ്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമ പരിക്കേറ്റ് പുറത്തായത്. ലോകകപ്പ് നിലനിര്‍ത്തണമെന്ന ഫ്രഞ്ച് മോഹങ്ങള്‍ക്ക് മേല്‍ മാത്രമല്ല, തന്റെ അവസാന ലോകകപ്പ് അവിസ്മരണീയമാക്കണമെന്ന ബെന്‍സെമയുടെ സ്വപ്നങ്ങള്‍ക്ക് കൂടിയാണ് തിരിച്ചടിയായിരിക്കുന്നത്.
ബെന്‍സെമ പരിക്കേറ്റ് പുറത്തായതോടെ ആരായിരിക്കും താരത്തിന്റെ പകരക്കാരനായി ഫ്രാന്‍സ് ഉള്‍പ്പെടുത്തുന്നത് എന്നായിരുന്നു ആരാധകര്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ആരാധകരെ ഒന്നാകെ ഞെട്ടിച്ച തീരുമാനമാണ് ഫ്രഞ്ച് ടീമിന്റെ കോച്ച് ദിദിയര്‍ ദെഷാംപ്‌സ് കൈക്കൊണ്ടിരിക്കുന്നത്.
ബെന്‍സെമക്ക് പകരക്കാരനായി ഒരാളെ പോലും താന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നായിരുന്നു ദെഷാംപ്‌സ് പറഞ്ഞത്. താന്‍ അങ്ങനെ ഒരു തീരുമാനമെടുക്കുകയായിരുന്നുവെന്നും ടീമിനെ വിശ്വാസമാണെന്നുമായിരുന്നു ദെഷാംപ്‌സ് പറഞ്ഞത്.
ബെന്‍സെമയുടെ പരിക്കിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘കാരണം ഞാനത് തീരുമാനിച്ചു. ഇത് വളരെ മികച്ച ഒരു സ്‌ക്വാഡാണ്, ഗ്രൗണ്ടില്‍ ഒത്തൊരുമയോടെ കളിക്കുന്നവരാണ്. എനിക്കവരില്‍ വിശ്വാസമുണ്ട്,’ ദിദിയര്‍ ദെഷാംപ്‌സ് പറയുന്നു.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കാലിന്റെ തുടയെല്ലിന് പരിക്കേറ്റ ബെന്‍സെമയെ പ്രാഥമിക ശുശ്രൂഷക്ക് കൊണ്ടുപോവുകയായിരുന്നു. താരത്തിന് തുടര്‍ന്ന് കളിക്കാനാകുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും സ്‌കാന്‍ ചെയ്ത് ഫലം വന്നതിന് ശേഷമേ തീരുമാനം പറയാനാകൂ എന്നും ഫ്രാന്‍സ് നാഷണല്‍ ടീം അറിയിച്ചിരുന്നു.
എന്നാല്‍ ഖത്തര്‍ ലോകകപ്പ് കളിക്കാനാകില്ലെന്ന് താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിച്ചത്.
”ജീവിതത്തില്‍ ഒരിക്കലും ഞാന്‍ ലക്ഷ്യങ്ങളില്‍ നിന്ന് പിന്‍മാറിയിട്ടില്ല, എന്നാല്‍ ഈ രാത്രി എനിക്കെന്റെ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു, എല്ലായ്‌പ്പോഴും ചെയ്യുന്നത് പോലെ.
ഈ ലോകകപ്പില്‍ ടീമിന്റെ മുന്നേറ്റത്തിനായി മറ്റൊരാള്‍ക്ക് എന്റെ സ്ഥാനമൊഴിഞ്ഞു കൊടുക്കേണ്ടി വന്നിരിക്കുകയാണ്. പിന്തുണയറിയിച്ച് സന്ദേശങ്ങളയച്ച എല്ലാവര്‍ക്കും നന്ദി,’ ബെന്‍സെമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
De ma vie je n’ai jamais abandonné mais ce soir il faut que je pense à l’équipe comme je l’ai toujours fait alors la raison me dit de laisser ma place à quelqu’un qui pourra aider notre groupe à faire une belle Coupe du Monde. Merci pour tous vos messages de soutien 🙌🏼❤️ pic.twitter.com/SBalX0juAH
ഹാംസ്ട്രിങ് ഇഞ്ച്വറിയും കാല്‍ മുട്ടിലെ വേദനയും കാരണം അദ്ദേഹം ഫ്രാന്‍സിന്റെ മെയ്ന്‍ ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരിന്നില്ല. ഒറ്റക്കായിരുന്നു താരം പരിശീലനം നടത്തിയിരുന്നത്.
ലോകകപ്പില്‍ ഇതിനകം പോഗ്ബയെയും കാന്റെയെയും പോലുള്ള താരങ്ങളെ നഷ്ടമായ ഫ്രാന്‍സിന് ബെന്‍സെമയുടെ അഭാവം വലിയ തിരിച്ചടിയാകും.
ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഫ്രാന്‍സ് ഉള്‍പ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയ, ഡെന്‍മാര്‍ക്ക് ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നവംബര്‍ 23ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരുടെ ആദ്യ മത്സരം.
Content highlight: France coach Deschamps decides not to replace Benzema