പാരിസ്: പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊന്ന സംഭവത്തിനു പിന്നാലെ ഫ്രാന്‍സില്‍ ശക്തമായ നടപടികള്‍. പാരീസിലെ ഒരു പ്രമുഖ മസ്ജിദ് അധികൃതര്‍ അടച്ചുപൂട്ടി.
പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതന്‍ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ഫ്രാന്‍സിന്റെ ശത്രുക്കള്‍ക്ക് ഇനി ഒരു മിനുട്ട് പോലും സമയം നല്‍കില്ലെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ തിങ്കളാഴ്ച അറിയിച്ചത്. അധ്യാപകന്റെ കൊലപാതകക്കേസില്‍ നിലവില്‍ സ്‌കൂളിലെ നാലു വിദ്യാര്‍ത്ഥികളും പൊലീസ് കസ്റ്റഡിയിലാണ്. പണം വാങ്ങി പ്രതിക്ക് അധ്യാപകനെ കാണിച്ചു കൊടുത്തെന്ന സംശയത്തിലാണ് കുട്ടികള്‍ കസ്റ്റഡിയിലായിരിക്കുന്നത്. നിലവില്‍ പതിനഞ്ചോളം പേര്‍ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്.
ഞായറാഴ്ച പതിനായിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ട അധ്യാപകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാരീസില്‍ പ്രതിഷേധം നടത്തിയത്. തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരെയും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ള 231 വിദേശികളെ ഫ്രാന്‍സില്‍ നിന്ന് പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ടെന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ടും കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
സാമുവേല്‍ പാറ്റി എന്ന ചരിത്രാധ്യാപകനാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. അബ്ദുള്ള അന്‍സൊരൊവ് എന്ന പതിനെട്ടുകാരനായ പ്രതിയെ സംഭവസ്ഥലത്തു തന്നെ വെടിവെച്ചു കൊന്നിരുന്നു. മോസ്‌കോവില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയ വ്യക്തിയാണ് പ്രതി.