|

ഖത്തര്‍ വിരുദ്ധ പ്രസ്താവന നടത്താന്‍ ഞങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ട്;മറ്റുള്ളവരോടൊപ്പം ചേരില്ല, ഖത്തറിന്റെ നിയമങ്ങളെ അനുസരിക്കും: ഫ്രാന്‍സ് നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

2022 ലോകകപ്പിന് പന്തുരുളാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. കായിക ലോകത്തിന്റെ കണ്ണും കാതും ഇനി ഒരു മാസത്തോളം ഖത്തറിലേക്ക് തന്നെയായിരിക്കും.

തങ്ങളുടെ ചരിത്രത്തിലെ ആറാം കിരീടം സ്വന്തമാക്കാന്‍ ബ്രസീലും കോപ്പക്കും ഫൈനലിസീമക്കും ശേഷം ലോകകപ്പും നേടി ആധിപത്യമുറപ്പിക്കാന്‍ അര്‍ജന്റീനയും കിരീടം നിലനിര്‍ത്താന്‍ ഫ്രാന്‍സും കളത്തിലിറങ്ങുമ്പോള്‍ ഖത്തറില്‍ തീ പാറുമെന്നുറപ്പാണ്.

ഗ്രൗണ്ടില്‍ പോരാട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ചില താരങ്ങളുടെയും പ്രമുഖ വ്യക്തികളുടെയും പ്രസ്താവനകള്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുന്‍ ജര്‍മന്‍ നായകന്‍ ഫിലിപ് ലാമിന്റെ പ്രസ്താവനകള്‍ അത്തരത്തിലൊന്നായിരുന്നു.

ഇതിന് പിന്നാലെ ഫ്രഞ്ച് നായകന്‍ ഹ്യുഗോ ലോറിസും ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഖത്തര്‍ വിരുദ്ധ പ്രസ്താവനകള്‍ നടത്താന്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടെന്നായിരുന്നു ലോറിസ് പറഞ്ഞത്.

ഇംഗ്ലണ്ട് അടക്കമുള്ള വിവിധ യൂറോപ്യന്‍ ടീമുകള്‍ കുടിയേറ്റ തൊഴിലാളികള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മഴവില്‍ നിറത്തിലുള്ള ആം ബാന്‍ഡ് ധരിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അത്തരത്തിലുള്ള ഒരു ക്യാമ്പെയ്‌നിനെ പിന്തുണക്കുന്നില്ലെന്നാണ് ഫ്രഞ്ച് നായകന്‍ വ്യക്തമാക്കുന്നത്.

‘കളിക്കാര്‍ക്ക് മേല്‍ വളരെയധികം സമ്മര്‍ദമുണ്ട്. നിങ്ങള്‍ക്ക് ആരുടെയെങ്കിലും മേല്‍ സമ്മര്‍ദ്ദം ചെലുത്തണമെങ്കില്‍ അത് പത്ത് വര്‍ഷം മുമ്പ് തന്നെ ചെയ്യാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സമയം വളരെയേറെ വൈകിയിരിക്കുന്നു.

വേള്‍ഡ് കപ്പ് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന കളിയാണ്. ഇതില്‍ വിജയിക്കണമെന്ന് തന്നെയാണ് ഓരോ കളിക്കാരന്റെയും ആഗ്രഹം. ഇപ്പോള്‍ ഞങ്ങള്‍ ഗ്രൗണ്ടിലും കളിയിലും ശ്രദ്ധിക്കേണ്ട സമയമാണ്, ബാക്കിയെല്ലാം രാഷ്ട്രീയ പ്രേരിതമാണ്.

ഞങ്ങള്‍ അത്‌ലറ്റുകളാണ്. ഞങ്ങള്‍ ഞങ്ങളുടെ രാജ്യത്തെ പ്രൊഫഷണലായി പ്രതിനിധീകരിക്കാനാണ് പോകുന്നത്. മറ്റെല്ലാം അവരുടേത് മാത്രമാണ്,’ ലോറിസ് പറയുന്നു.

ലൈംഗിക ന്യൂനപക്ഷങ്ങളെയും മറ്റും പിന്തുണക്കുന്നതിന്റെ ഭാഗമായ വണ്‍ ലവ് ക്യാമ്പെയ്‌നിന്റെ ഭാഗമായി മഴവില്‍ നിറത്തിലുള്ള ആം ബാന്‍ഡ് ധരിക്കില്ലെന്ന് ലോറിസ് നേരത്തെ പറഞ്ഞിരുന്നു.

ഫിഫയുടെ നിയമപ്രകാരം ആം ബാന്‍ഡുകളിലും മറ്റും അവരവരുടേതായ ഡിസൈന്‍ ഉള്‍പ്പെടുത്തുന്നതില്‍ നിന്നും ടീമുകളെ വിലക്കിയിട്ടുണ്ട്. ഗവേണിങ് ബോഡി നല്‍കുന്ന എക്യുപ്‌മെന്റുകളായിരിക്കണം ടീം ഉപയോഗിക്കേണ്ടത് എന്നാണ് ചട്ടം.

ലോറിസ് മഴവില്‍ നിറത്തിലുള്ള ആം ബാന്‍ഡ് ധരിക്കുന്നതില്‍ തനിക്ക് യോജിപ്പില്ലെന്ന് ഫ്രഞ്ച് ഫുട്‌ബോള്‍ പ്രസിഡന്റ് നോയല്‍ ഡി ഗാരത് നേരത്തെ പറഞ്ഞിരുന്നു. പ്രസിഡന്റിന്റെ കാഴ്ചപ്പാടുകളോട് സമാനമായ കാഴ്ചപ്പാടുകളാണ് തനിക്കുള്ളതെന്ന് ലോറിയും പറയുന്നു.

‘നമ്മളായി എന്തെങ്കിലും ആരംഭിക്കുന്നതിന് മുമ്പ് നമുക്ക് ഫിഫയുടെ അനുമതി വേണം, ഫ്രഞ്ച് ഫെഡറേഷന്റെ അനുമതിയും ആവശ്യമാണ്. ഈ വിഷയത്തില്‍ എനിക്ക് എന്റേതായ കാഴ്ചപ്പാടുകളുണ്ട്. അത് ഫെഡറേഷന്‍ പ്രസിഡന്റിന്റെ തീരുമാനത്തോടും കാഴ്ചപ്പാടുകളോടും ഏകദേശം ചേര്‍ന്നുനില്‍ക്കുന്നതുമാണ്.

ഫ്രാന്‍സിലായിരിക്കുമ്പോള്‍ വിദേശികളെ സ്വീകരിക്കുന്നതിനൊപ്പം അവര്‍ ഞങ്ങളുടെ നാട്ടിലെ നിയമങ്ങള്‍ പാലിക്കണമെന്നും സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും തന്നെയാണ് ആഗ്രഹിക്കുന്നത്.

ഞങ്ങള്‍ ഖത്തറിലേക്ക് പോകുമ്പോള്‍ ഇതുതന്നെയാണ് ചെയ്യാന്‍ പോകുന്നത്. എനിക്കവരുടെ ആശയങ്ങളോട് ശക്തമായി യോജിക്കാനോ വിയോജിക്കാനോ സാധിക്കും. പക്ഷേ ഞാനതിനോട് ബഹുമാനം കാണിക്കണം, പരിശീലനത്തിനിടെ താരം മാധ്യമങ്ങളോട് പറഞ്ഞു.

ലോകകപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് ഫ്രാന്‍സ് സ്ഥാനം പിടിച്ചിരിക്കുന്നത്. ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ടുണീഷ്യ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Content highlight: France captain Hugo Lloris says he wont wear rainbow armband

Latest Stories