പാരിസ്: ന്യൂ ഇയര്‍ ആഘോഷത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ ഇത്തവണ കത്തിച്ചു കളഞ്ഞത് 874 വാഹനങ്ങള്‍. പാര്‍ക്ക് ചെയ്തിരുന്ന ആളില്ലാത്ത കാറുകളാണ് ആഘോഷത്തിന്റെ ഭാഗമായി ഓരോ വര്‍ഷവും രാജ്യത്ത് അഗ്നിക്കിരയാക്കുന്നത്.
ഫ്രാന്‍സില്‍ പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ് വന്ന ആചാരമാണിത്.
എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം കത്തിച്ചുകളഞ്ഞ കാറുകളുടെ എണ്ണം താരതമ്യേന കുറവാണെന്നാണ് കണക്കുകള്‍ പറയുന്നത്.
2019ലെ പുതുവത്സര സമയത്ത് 1316 വാഹനങ്ങളായിരുന്നു ഫ്രാന്‍സില്‍ കത്തിച്ചത്. ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡര്‍മനിന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ വെളിപ്പെടുത്തിയത്.
കൊവിഡ് ലോക്ഡൗണ്‍ കാരണം 2020ല്‍ ഇത്തരത്തില്‍ ആഘോഷിക്കാന്‍ സാധിച്ചിരുന്നില്ല.
കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ വ്യാപനം കാരണം ഫ്രാന്‍സിലെ തെരുവുകളില്‍ പൊലീസ് സാന്നിധ്യം ശക്തമായിരുന്നത് കൊണ്ടാണ് ഇത്തവണത്തെ ആഘോഷം 874 വാഹനങ്ങളില്‍ ഒതുങ്ങിയത്.
അതേസമയം ഈ വര്‍ഷത്തെ കാര്‍ കത്തിക്കലില്‍ അധികൃതര്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചവരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ കൂടുതലാണ്. വ്യത്യസ്ത പുതുവര്‍ഷാഘോഷത്തിന്റെ പേരില്‍ 2019ല്‍ 376 പേരെയാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നതെങ്കില്‍ ഇത്തവണ 441 പേരെയായി ഉയര്‍ന്നിട്ടുണ്ട്.
1990കളില്‍ കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗിലാണ് ഇത്തരത്തില്‍ ആഘോഷം ആരംഭിച്ചതെന്നാണ് കരുതപ്പെടുന്നത്. യുവാക്കള്‍ക്കിടയിലാണ് ഈ ആഘോഷം ആദ്യം പ്രചാരം നേടിയത്.
കുറ്റകൃത്യങ്ങളുടെ തെളിവുകളുടെ ഭാഗമായ വാഹനങ്ങള്‍ ക്രിമിനല്‍ ഗ്യാങ്ങുകള്‍ കത്തിക്കുന്നതും ഇന്‍ഷുറന്‍സ് തുക ലഭിക്കാനായി കാറുകളുടെ ഉടമസ്ഥര്‍ തന്നെ അത് കത്തിക്കുന്നതും മറ്റ് പല രാജ്യങ്ങളിലെയും പോലെ ഫ്രാന്‍സിലും മുന്‍പ് സ്ഥിരസംഭവമായിരുന്നു.