എജ്ജാതി തിരിച്ചുവരവ്; എംബാപ്പെ കേറി വെട്ടി, ഓറഞ്ച് പട ചാരം
2024 യൂറോ യോഗ്യത മത്സരത്തിൽ നെതർലൻസിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചുകൊണ്ട് ഫ്രാൻസ് യൂറോ കപ്പ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.
നെതർലൻഡ്സിന്റെ ഹോം ഗ്രൗണ്ടായ ജോഹനാസ് ക്രൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂപ്പർതാരം കിലിയൻ എംബാപ്പെ ഇരട്ട ഗോൾ നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.
ഫ്രഞ്ച് ക്ലബ്ബ് പാരീസ് സെയ്ന്റ് ജർമെയ്നൊപ്പം കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ നിരാശാജനകമായ പ്രകടനമായിരുന്നു എംബാപ്പെ പുറത്തെടുത്തത്. പി.എസ്.ജി ക്ക് വേണ്ടി അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഗോൾ നേടാൻ എംബാപ്പെക്ക് സാധിച്ചിരുന്നില്ല. ഇന്റർനാഷണൽ ബ്രേക്കിൽ ഫ്രാൻസിന് വേണ്ടി ഇരട്ടഗോൾ നേടികൊണ്ട് താരം തിരിച്ചുവന്നത് ഏറെ ശ്രദ്ധേയമായി.
ഇരട്ടഗോൾ നേട്ടത്തിലൂടെ 42 ഗോളുകളുമായി ഫ്രാൻസിന്റെ ഏറ്റവും മികച്ച ഗോൾവേട്ടക്കാരിൽ നാലാം സ്ഥാനത്തെത്താനും എംബാപ്പെക്ക് സാധിച്ചു. ഇതിഹാസ താരം മിഷേൽ പ്ലാറ്റിനിയെയാണ് എംബാപ്പെ മറികടന്നത്. ഒലിവിയർ ജിറൂഡ് (54), തിയറി ഹെൻറി (51), അന്റോയിൻ ഗ്രീസ്മാൻ (44) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനക്കാർ.
മത്സരത്തിൽ 4-2-3-1 എന്ന ഫോർമേഷനിലായിരുന്നു നെതർലൻഡ്‌സ് കളത്തിലിറങ്ങിയത്. എന്നാൽ 4-3-3 ശൈലിയിലായിരുന്നു ഫ്രാൻസ് അണിനിരന്നത്.
മത്സരത്തിന്റെ ഏഴാം മിനിട്ടിൽ തന്നെ എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു. ബോക്സിന്റെ പുറത്ത് നിന്നും വന്ന ക്രോസിൽ നിന്നും താരം ഗോൾ ഫസ്റ്റ് ടച്ചിലൂടെ താരം ഗോൾ നേടുകയായിരുന്നു.
മത്സരത്തിൽ ഒപ്പമെത്താൻ നെതർലാൻഡ്‌സ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഒന്നും ലക്ഷ്യം കാണാതെ പോവുകയായിരുന്നു. ഒടുവിൽ ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസ് മുന്നിട്ടുനിൽക്കുകയായിരുന്നു.
മത്സരത്തിന്റെ 53 മിനിട്ടിൽ എംബാപ്പെ രണ്ടാം ഗോൾ നേടി. പെനാൽട്ടി ബോക്സിന് പുറത്ത് നിന്നും താരം എതിർ പോസ്റ്റിലേക്ക് ഒരു ബുള്ളറ്റ് ഷോട്ട് പായിക്കുകയായിരുന്നു. തൊട്ടടുത്ത മിനിട്ടിൽ നെതർലാൻഡ്‌സ് താരം മലൻ ഗോൾ നേടിയെങ്കിലും ഓഫ് സൈഡിലൂടെ ഗോൾ അനുവദിച്ചില്ല.
ഒടുവിൽ 83 മിനിട്ടിൽ ഇടതുവിങ്ങിൽ നിന്നുള്ള മുന്നേറ്റത്തിലൂടെ ഹാർട്മാൻ നെതർലൻഡ്‌സിന് വേണ്ടി മറുപടി ഗോൾ നേടി. സമനില ഗോളിനു വേണ്ടി ഡച്ച് പട അവസാന നിമിഷം വരെ പോരാടിയെങ്കിലും ഫ്രാൻസിന്റെ പ്രതിരോധം ഉറച്ചുനിൽക്കുകയായിരുന്നു.
ഒടുവിൽ ഫൈനൽ വിസിൽ മുഴങ്ങുമ്പോൾ വിജയം ഫ്രഞ്ച് പടക്കൊപ്പമായിരുന്നു.
ഗ്രൂപ്പ് ബിയിൽ ആറ് കളികളിൽ ആറും ജയിച്ച 18 പോയിന്റ് ആയി ഒന്നാം സ്ഥാനത്താണ് ഫ്രഞ്ച് പട.
ഒക്ടോബർ 18ന് സ്കോട്ട്ലാൻഡിനെതിരെയാണ് ഫ്രാൻസിന്റെ അടുത്ത മത്സരം.
Content Highlight: France beat Netherlands in Euro qualifiers kylian mbappé scored two goals.