| Tuesday, 2nd July 2024, 8:55 am

സ്വന്തം ടീമിന്റെ വില്ലനായി; യൂറോകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ നിർഭാഗ്യവാൻ

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോകപ്പില്‍ ബെല്‍ജിയത്തെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍. കഴിഞ്ഞ ദിവസം നടന്ന പ്രീക്വാര്‍ട്ടറിലെ ആവേശകരമായ മത്സരത്തില്‍ ബെല്‍ജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രഞ്ച് പട ജയം സ്വന്തമാക്കിയത്.

മെര്‍കുര്‍ സ്‌പേല്‍ അറീനയില്‍ നടന്ന മത്സരത്തില്‍ ആദ്യപകുതിയില്‍ ഇരു ടീമുകള്‍ക്കും നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ഫ്രാന്‍സ് ലീഡ് നേടിയത്. മത്സരത്തിന്റെ 85ാം  മിനിട്ടില്‍ ബെല്‍ജിയന്‍ താരം ജാന്‍ വെര്‍ടോന്‍ഗന്റെ ഓണ്‍ ഗോളാണ് ഫ്രാന്‍സിനെ മത്സരത്തില്‍ വിജയിപ്പിച്ചത്.

താരത്തിന്റെ കാലില്‍ തട്ടി ഡിഫ്‌ലക്ഷനിലൂടെ ബെല്‍ജിയത്തിന്റെ പോസ്റ്റിലേക്ക് കയറുകയായിരുന്നു. ഇതിന് പിന്നാലെ ഒരു മോശം നേട്ടവും ബെല്‍ജിയന്‍ താരത്തെ തേടിയെത്തി. യൂറോകപ്പിന്റെ ചരിത്രത്തില്‍ സെല്‍ഫ് ഗോള്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായി മാറാനാണ് വെര്‍ടോന്‍ഗന് സാധിച്ചത്. തന്റെ 37 വയസിലാണ് താരം സെല്‍ഫ് ഗോള്‍ നേടിയത്. ഇതോടെ ബെല്‍ജിയത്തിനായി യൂറോകപ്പില്‍ സെല്‍ഫ് ഗോള്‍ നേടുന്ന ആദ്യ താരമായി മാറാനും വെര്‍ടോന്‍ഗന് സാധിച്ചു.

ഈ യൂറോ കപ്പിലെ ഒമ്പതാമത്തെ സെൽഫ് ഗോൾ ആയിരുന്നു ഇത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്ട്രിയക്കെതിരെയും ഫ്രാൻസ് ഇത്തരത്തിൽ ഓൺ ഗോളിന്റെ വിജയം സ്വന്തമാക്കിയിരിന്നു. ഗ്രൂപ്പിലെ മറ്റു മത്സരത്തിൽ നെതർലാൻഡ്‌സിനെതിരെ ഗോൾ രഹിത സമനിലയും പോളണ്ടിനെതിരെ നേടിയിരുന്നു ഓരോ ഗോൾ വീതം നേടിയും ഫ്രാൻസ് രണ്ട് സമനിലയും നേടിയിരുന്നു.

പോളിഷ് പടക്കെതിരെ പെനാല്‍ട്ടിയിലൂടെയാണ് ഫ്രാന്‍സ് ഗോള്‍ നേടിയത്. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയായിരുന്നു ഫ്രാന്‍സിന്റെ ഗോള്‍ നേടിയത്. ഇതോടെ യൂറോ കപ്പിലെ നാലു മത്സരങ്ങള്‍ പിന്നിടുമ്പോഴും ഫ്രാന്‍സിലെ ഓപ്പണ്‍ പ്ലേയിലൂടെ ഒരു ഗോള്‍ നേടാന്‍ സാധിച്ചിട്ടില്ല.

അതേസമയം മത്സരത്തില്‍ 19 ഷോട്ടുകളാണ് ഫ്രഞ്ച് പട ബെല്‍ജിയത്തിന്റെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്. ഇതില്‍ രണ്ടെണ്ണം മാത്രമേ ലക്ഷ്യത്തിലെത്തിക്കാന്‍ ഫ്രാന്‍സിന് സാധിച്ചത്. എന്നാല്‍ മറുഭാഗത്ത് അഞ്ച് ഷോട്ടുകളില്‍ നിന്നും രണ്ട് എണ്ണവും ബെല്‍ജിയം ഫ്രാന്‍സിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചു.

ജൂലൈ ആറിനാണ് ഫ്രാന്‍സിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നടക്കുന്നത്. സ്ലോവേനിയയെ പെനാല്‍ട്ടിയില്‍ പരാജയപ്പെടുത്തി എത്തിയ പോര്‍ച്ചുഗല്‍ ആണ് ഫ്രാന്‍സിന്റെ എതിരാളികള്‍.

Content Highlight: France beat Belgium in Euro Cup

We use cookies to give you the best possible experience. Learn more