| Friday, 13th October 2023, 5:55 pm

ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് ഫ്രാന്‍സില്‍ നിരോധനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: രാജ്യത്ത് ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നിരോധിച്ച് ഫ്രാന്‍സ്. ഇസ്രഈല്‍- ഫലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് യഹൂദ വിരുദ്ധത വര്‍ധിച്ചു എന്നാരോപിച്ചാണ് പ്രതിഷേധങ്ങള്‍ വിലക്കുന്നത്.

ഇതിനെതിരായി നിയമലംഘനം നടത്തുന്ന വിദേശ പൗരന്മാര വ്യവസ്ഥാപിതമായി നാടുകടത്തുമെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മിനന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ പൊതുവായ വ്യവസ്ഥയുടെ തകര്‍ച്ചക്ക് പ്രകടനങ്ങള്‍ കാരണമാകുമെന്ന് ജെറാള്‍ഡ് ഡാര്‍മിനന്‍ പറഞ്ഞു.

എന്നാല്‍ ഈ നിരോധനം നിലനില്‍ക്കെ തന്നെ ഫലസ്തീന്‍ അനുകൂലികള്‍ ഫ്രാന്‍സില്‍ വ്യാഴാഴ്ച പ്രകടനങ്ങള്‍ നടത്തി. പാരീസ് പ്ലേസ് ഡി ലാ റിപ്പബ്ലിക്കില്‍ 3000 ലധികം ആളുകള്‍ നടത്തിയ പ്രകടനത്തിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രകടനത്തില്‍ പ്രതിഷേധക്കാര്‍ ‘ഫലസ്തീന്‍ വിജയിക്കും, ഇസ്രഈലികള്‍ കൊലപാതകികളാണ്’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തുകയും ചെയ്തു. ഫ്രാന്‍സില്‍ ഫലസ്തീന്‍ അനുകൂല പ്രകടനകള്‍ ഇനിയും നടത്തുമെന്നും നിരോധനം
അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

‘ഞങ്ങള്‍ ജീവിക്കുന്നത് സിവില്‍ നിയമമുള്ള രാജ്യത്താണ്. നിലപാടുകള്‍ പ്രകടിപ്പിക്കാനുള്ള അവകാശം ഞങ്ങള്‍ക്ക് ഇവിടെയുണ്ട് ‘ റാലിയില്‍ പങ്കെടുത്ത ഷാര്‍ലറ്റ് വോട്ടിയാര്‍ എന്നയാള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ യഹൂദരുള്ളത് ഫ്രാന്‍സിലാണ്. ഏകദേശം 500,000 പേരുണ്ടെന്നാണ് കണക്ക്. യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലിം സമൂഹവും ഫ്രാന്‍സില്‍ തന്നെയാണ്. അഞ്ചു ദശലക്ഷം മുസ്ലിങ്ങളാണ് ഫ്രാന്‍സിലുള്ളത്.

ഹമാസ് ഒരു ഭീകരവാദ സംഘടന ആണെന്നും പൗരന്മാരെ സംരക്ഷിക്കാനുള്ള കടമ തങ്ങള്‍ക്ക് ഉണ്ടെന്നുമാണ് പ്രതിഷേധ വിലക്കില്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്.

അതേസമയം ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനിലും ഫലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണങ്ങളെ മഹത്വവല്‍ക്കരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം.

Content Highlight: France bans pro-Palestinian protests

We use cookies to give you the best possible experience. Learn more