ഫ്രാന്‍സ് അതീവ സുരക്ഷയില്‍; സൗദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലേക്കും ആക്രമണം, സംഘര്‍ഷം പുകയുന്നു
പാരീസ്: ഫ്രാന്‍സിലെ ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നൈസ് നഗരത്തിലെ ചര്‍ച്ചില്‍ കത്തിയുമായി എത്തിയ ആക്രമി മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചര്‍ച്ചിനുള്ളില്‍ വെച്ച് രണ്ട് പേരാണ് കൊല്ലപ്പെട്ടത്. 60 കാരിയായ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 55 കാരനായ ചര്‍ച്ചിലെ ജീവനക്കാരന്റെ തൊണ്ട മുറിക്കപ്പെട്ട നിലയിലാണ് മരിച്ചു കിടന്നത്. 44 കാരിയായ ഒരു സ്ത്രീ കുത്തേറ്റ നിലയില്‍ ചര്‍ച്ചില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും പിന്നീട് മരിച്ചു.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്‌സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.
ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്നാണ് ടുണീഷ്യന്‍ അധികൃതര്‍ അറിയിച്ചത്. അതേസമയം ഈ പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. കൊലപാതകം തീവ്രവാദ ആക്രമണമാണെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലെ ചര്‍ച്ചുകള്‍ക്കും സ്‌കൂളുകള്‍ക്കും വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു വര്‍ഷം മുമ്പ് ഇതേ നഗരത്തിലാണ് ഐ.എസിന്റെ ഭീകരാക്രമണം നടന്നത്. 2016 ല്‍ ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. 86 പേരാണ് ഈ ആക്രമണത്തില്‍ മരിച്ചത്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു.
ഇതിനിടെ സൗദി അറേബ്യയിലെ ഫ്രാന്‍സ് കോണ്‍സുലേറ്റിലേക്ക് ആക്രമണം നടന്നിട്ടുണ്ട്. ജിദ്ദയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിലെ സുരക്ഷാ ജീവനക്കാരനാണ് കത്തിക്കുത്തില്‍ പരിക്ക് പറ്റിയത്. ഇയാള്‍ നിലവില്‍ ചികിത്സയിലാണെന്ന് ഫ്രാന്‍സ് എംബസി അറിയിച്ചു. സംഭവത്തില്‍ സൗദി പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.