|

പാരിസ് റാലിയില്‍ പങ്കെടുക്കരുതെന്ന് നെതന്യാഹുവിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

APTOPIX France Attacks Rally
പാരിസ്:  ഭീകരാക്രമണത്തില്‍ മരിച്ചവര്‍ക്കായി അനുശോചനം അറിയിച്ച് കൊണ്ട് പാരിസില്‍ വിവിധ ലോക നേതാക്കള്‍ പങ്കെടുത്ത നടന്ന സമാധാന റാലിയില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് ഫ്രാന്‍സ് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടിന്റെ ഓഫീസില്‍ നിന്നും നെതന്യാഹുവിന്റെ ഓഫീസിലേക്ക് സന്ദേശം പോയതായി ഇസ്രഈലി ദിനപത്രമായ ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരിപാടിയിലെ നെതന്യാഹുവിന്റെ സാന്നിധ്യം റാലിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളെ തകിടം മറിക്കും എന്ന് ഫ്രാന്‍സ് ഭയപ്പെട്ടിരുന്നതായാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്രഞ്ച് പ്രസിഡന്റിന്റെ സുരക്ഷ ഉപദേഷ്ടാവായ ജാക്വിസ് ഓഡിബര്‍ട്ടാണ്  സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് കൊണ്ട് ഇക്കാര്യം നെതന്യാഹുവിന്റെ ഓഫീസിനെ അറിയിച്ചിരുന്നത്.

റാലിക്കിടെ മുസ്‌ലിം-ജൂത പ്രശ്‌നങ്ങളടക്കം ഉന്നയിച്ച് കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ നെതന്യാഹു ശ്രമിക്കും എന്ന് മുന്‍കൂട്ടി കണ്ടിട്ടായിരുന്നു ഇത്തരമൊരു നീക്കം ഫ്രാന്‍സ് നടത്തിയിരുന്നത്.

തുടക്കത്തില്‍ റാലിയില്‍ നിന്നും വിട്ടു നില്‍ക്കും എന്നറിയിച്ചിരുന്ന നെതന്യാഹു പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഇക്കാര്യം അറിയിച്ച് കൊണ്ട് ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ ഫ്രഞ്ച് സുരക്ഷ ഉപദേഷ്ടാവായ ഓഡിബര്‍ട്ടിനെ വിവരം അറിയിച്ചപ്പോള്‍ അദ്ദേഹം ദേഷ്യപ്പെടുകയാണ് ഉണ്ടായത്.

നെതന്യാഹുവിന്റെ ഈ നീക്കം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുമെന്നും നെതന്യാഹു പങ്കെടുത്താല്‍ മെഹമൂദ് അബ്ബാസിനെ കൂടെ റാലിക്കായി ക്ഷണിക്കുമെന്നും ഓഡിബര്‍ട്ട് പറഞ്ഞതായി ഹാരെറ്റ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് തെളിവായി റാലിക്ക് ശേഷം നടന്ന ചടങ്ങില്‍ നെതന്യാഹു സംസാരിക്കുമ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റ് പോയെന്നും പത്രം പറയുന്നു.

ഇസ്രഈലില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ രണ്ട് തെരഞ്ഞെടുപ്പ് പരിപാടികളിലും നെതന്യാഹു ഫ്രാന്‍സില്‍ പങ്കെടുത്തിരുന്നു.