പാരീസ്: മുസ്‌ലീങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിട്ടെന്ന ആരോപണത്തിന്റെ പേരില്‍ തീവ്ര വലതുപക്ഷവുമായി ബന്ധമുള്ള പത്തുപേര്‍ അറസ്റ്റില്‍. ഫ്രാന്‍സിലെ തീവ്രവാദ വിരുദ്ധ പൊലീസാണ് ഇവരെ അറസ്റ്റു ചെയ്തത്.
ശനിയാഴ്ച ഫ്രാന്‍സിലെമ്പാടും പ്രധാനമായും കോര്‍സിക ദ്വീപ് മേഖലയില്‍ നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് ഇവരെ അറസ്റ്റു ചെയ്തത്. ഇസ്‌ലാം വിശ്വാസികളെ ലക്ഷ്യമിട്ട് ഇവര്‍ ആക്രമണ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജന്‍സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
Also Read:തുര്‍ക്കി തെരഞ്ഞെടുപ്പ്; വീണ്ടും എര്‍ദോഗന്‍ യുഗം
32നും 69നും ഇടയില്‍ പ്രായമുള്ളവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ ഫ്രാന്‍സിലെ ഡി.ജി.എസ്.ഐ ഇന്റലിജന്‍സ് ഏജന്‍സി ചോദ്യം ചെയ്യുകയാണ്. ഇവര്‍ ആയുധം വാങ്ങാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലായത്. ആയുധങ്ങള്‍ക്കായുള്ള തിരച്ചിലും നടക്കുന്നുണ്ട്.
2015ന്റെ ആദ്യം മുതല്‍ ഫ്രാന്‍സില്‍ തുടരെ തുടരെ തീവ്രവാദി ആക്രമണങ്ങള്‍ നടന്നിരുന്നു. പലപ്പോഴും ഇസ്‌ലാമിക് സ്‌റ്റേറ്റ് ഗ്രൂപ്പിന്റെ അല്ലെങ്കില്‍ തീവ്രവാദ ഗ്രൂപ്പിന്റെ പേരിലായിരുന്നു ആക്രമണം നടന്നത്.
2015 നവംബറില്‍ നടന്ന സ്‌ഫോടനത്തിലും വെടിവെപ്പിലും 130 പേരാണ് കൊല്ലപ്പെട്ടത്. 240 ലേറെ പേരാണ് തീവ്രവാദ ആക്രമണങ്ങളെ തുടര്‍ന്ന് ഫ്രാന്‍സില്‍ കൊല്ലപ്പെട്ടത്.
5.7 മില്യണ്‍ മുസ്‌ലീങ്ങളാണ് ഫ്രാന്‍സിലുള്ളതെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ എന്ന സംഘടന കഴിഞ്ഞവര്‍ഷം പുറത്തുവിട്ട കണക്ക്. ജനസംഖ്യയുടെ 9% വരും ഇത്.