| Tuesday, 20th October 2020, 11:04 pm

ഫ്രാന്‍സും ഇസ്‌ലാമും; ഫ്രാന്‍സില്‍ ഇനി വരുന്ന മാറ്റങ്ങള്‍ എന്തായിരിക്കും?

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ കാണിച്ചതിന്റെ പേരില്‍ ചരിത്രാധ്യാപകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഫ്രാന്‍സില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. 2015 ലെ ഷാര്‍ലെ ഹെബ്ദോ ആക്രമണത്തിനു പിന്നാലെ ഫ്രാന്‍സില്‍ നടന്ന പ്രക്ഷോഭം ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പാരീസില്‍ ശനിയാഴ്ച നടന്ന പ്രതിഷേധം. അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച പ്രതിഷേധ സ്വരങ്ങള്‍ക്കൊപ്പം തന്നെ കുടിയേറ്റ വിരുദ്ധത, മുസ്‌ലിം വിരുദ്ധത തുടങ്ങിയവയും ഫ്രാന്‍സില്‍ അലയടിക്കുന്നുണ്ട്.

ഫ്രാന്‍സിലെ മുസ്‌ലിം വിഭാഗത്തിനിടയില്‍ എന്തുകൊണ്ടും നിര്‍ണായകമാവുന്നതാണ് നിലവിലെ സംഭവവികാസങ്ങള്‍.കാരണം ഈ സംഭവത്തിനു നടക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ഫ്രാന്‍സില്‍ മുസ്‌ലിം വിഭാഗത്തെ ലക്ഷ്യം വെച്ചു കൊണ്ടുള്ള നിരവധി പ്രഖ്യാപനങ്ങള്‍ പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ നടത്തിയിരുന്നു.

ചര്‍ച്ചുകളെ രാജ്യത്തെ ഭരണ നിര്‍വഹണ സംവിധാനത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുന്ന 1905 ല്‍ നടപ്പാക്കിയ നിയമം വീണ്ടും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനമായിരുന്നു അദ്ദേഹം നടത്തിയത്.

ഫ്രാന്‍സിലെ മുസ്ലിം ഗ്രൂപ്പുകള്‍ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം സ്വീകരിക്കുന്നത് കുറയ്ക്കുന്നതിനുള്ള പദ്ധതികള്‍ മക്രോണ്‍ പ്രഖ്യാപിച്ചിരുന്നു. മസ്ജിദുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് വിലക്കുന്ന ശക്തമായ നിയമങ്ങളാണ് പുതുതായി കൊണ്ടു വന്നിരിക്കുന്നത്.

ഒപ്പം പള്ളികളിലെ ഇമാമിന് ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക ടെസ്റ്റ് പാസാവണം. വിദേശത്തു നിന്നും ഫ്രാന്‍സിലേക്ക് ഇമാമുകളെ അയക്കുന്നതിനും വിലക്കുണ്ട്. കുട്ടികള്‍ക്ക് മതപഠനം കുറയ്ക്കാനായി വീടുകളില്‍ നിന്നുള്ള വിദ്യാഭ്യാസം ഒഴിവാക്കുന്നുണ്ട്. ഈ നയങ്ങള്‍ പ്രകാരം ഫ്രാന്‍സിലെ മുസ്‌ലിം സംഘടനകള്‍ക്ക് ഇനി വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ടിംഗ് ഗണ്യമായി കുറയും.

നേരത്തെ വിവിധ മേഖലകളില്‍ നിന്നും ഈ നയത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ നയങ്ങള്‍ക്ക് ജനപിന്തുണയേറും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ഫ്രാന്‍സും മുസ്‌ലിങ്ങളും

യൂറോപ്പില്‍ ഏറ്റവും കുടുതല്‍ മുസ്‌ലിങ്ങളുള്ളത് ഫ്രാന്‍സിലാണ്. 2017 ലെ സര്‍വേ പ്രകാരം ഫ്രാന്‍സ് ജനസംഖ്യയുടെ 8.8 ശതമാനമാണ് മുസ്‌ലിങ്ങളുടെ എണ്ണം.

ഷാര്‍ലെ ഹെബ്ദോ ആക്രമണം ഉണ്ടാക്കിയ മാറ്റങ്ങള്‍

ഫ്രാന്‍സില്‍ ഇസ്‌ലാമോഫോബിയ വര്‍ധിച്ചതില്‍ പ്രധാനപ്പെട്ട ഒരു ഘടകമായിരുന്നു 2015 ജനുവരി ഏഴിന് നടന്ന ഈ ആക്രമണം. ഷാര്‍ലോ ഹെബ്ദോ എന്ന മാഗസിനില്‍ വന്ന മുഹമ്മദ് നബിയുടെ വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ മാഗസിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവര്‍ പറഞ്ഞത്. ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ ജൂതരുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.

ഫ്രാന്‍സിനെ പിടിച്ചു കുലുക്കിയ ഈ സംഭവത്തിനു ശേഷം വീണ്ടും ഭീകരാക്രമണങ്ങള്‍ രാജ്യത്ത് നടന്നു. 2016 ല്‍ 86 പേരുടെ പേരുടെ മരണത്തിനിടയാക്കിയ ഐ.എസിന്റെ ട്രക്ക് ആക്രമണം ഇതിനുദാഹരണമാണ്. 456 പേര്‍ക്ക് ആ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു . ഫ്രാന്‍സിന്റെ ദേശീയ ദിനമായ ജൂലൈ 14 ന് ആഘോഷം നടത്തുന്ന ആള്‍ക്കൂട്ടത്തിലേക്ക് ഐ.എസ് അനുഭാവിയായ ഒരാള്‍ ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ഇതിനു പിന്നാലെ സിറിയന്‍ ആഭ്യന്തര സംഘര്‍ഷ സമയത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഐ.എസിലേക്ക് ചേര്‍ന്ന യൂറോപ്യന്‍ രാജ്യവും ഫ്രാന്‍സ് ആയിരുന്നു.

യൂറോപ്പില്‍ ആകെ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കുടിയേറ്റ വിരുദ്ധതയും ഇസ്‌ലാമോഫോബിയയും നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വീണ്ടും വര്‍ധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more