കൊവിഡ് 19: അമേരിക്കയില്‍ ഇന്നലെ മാത്രം 1514 മരണം; ഇറ്റലിയിലും ഫ്രാന്‍സിലും മരണനിരക്ക് കുറയുന്നു
COVID-19
കൊവിഡ് 19: അമേരിക്കയില്‍ ഇന്നലെ മാത്രം 1514 മരണം; ഇറ്റലിയിലും ഫ്രാന്‍സിലും മരണനിരക്ക് കുറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th April 2020, 8:54 am

ലോകത്ത് കൊവിഡ് മരണങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഞായറാഴ്ച ഏറ്റവും കുറവ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ഇറ്റലിയും ഫ്രാന്‍സും.

കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ റിപ്പോര്‍ട്ടു ചെയ്തത് 315 കൊവിഡ് മരണങ്ങളാണ്. ഇതിന് മുമ്പ് 345 പേരായിരുന്നു കൊവിഡ് ബാധിച്ച് മരിച്ച ഏറ്റവും കുറവ് കണക്ക്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഇറ്റലിയില്‍ മരണ നിരക്ക് 431 ആയി കുറഞ്ഞു. കഴിഞ്ഞ മൂന്നാഴ്ചക്കിടയിലെ ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്.

ഇറ്റലിയില്‍ തുടര്‍ച്ചയായ ഒന്‍പതു ദിവസങ്ങളില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണത്തിലും കുറവു രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത ദിവസങ്ങളായി പരിശോധനാ സംവിധാനങ്ങളും ഇറ്റലിയില്‍ കൂട്ടിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,514 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് ആകെ മരണ സംഖ്യ 22,023 ആയി ഉയര്‍ന്നു.

ന്യൂയോര്‍ക്ക് സിറ്റിയിലാണ് അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്. 6,898 പേരാണ് ന്യൂയോര്‍ക്കില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയില്‍ 555,398 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

അതേസമയം സിങ്കപ്പൂരില്‍ 233 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ സിങ്കപ്പൂരില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,532 ആയി ഉയര്‍ന്നു.

കൊവിഡ് മരണങ്ങളില്‍ ഏറ്റവും മുന്നിലുള്ള രാജ്യം അമേരിക്കയാണ്. ദിവസം 2000 ത്തോളം  പേര്‍ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നുണ്ട്.