സെയ്ന്റ് പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പ് ഫുട്‌ബോളിന്റെ ആദ്യ സെമിയില്‍ ബെല്‍ജിയത്തെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാന്‍സിന്റെ ജയം. അമ്പത്തിയൊന്നാം മിനിറ്റില്‍ സാമുവല്‍ ഉംറ്റിറ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് നേടിയത്. ഗ്രീസ്മാനെടുത്ത കോര്‍ണര്‍ ഫെല്ലെയ്‌നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്. മൂന്നാം തവണയാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലിലേക്ക് കടക്കുന്നത്. 1998 ലും 2006 ലുമാണ് ഇതിന് മുമ്പ് ഫ്രാന്‍സ് ഫൈനലില്‍ കടന്നത്.
അതിദ്രുത നീക്കങ്ങള്‍ കൊണ്ട് ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിച്ച മത്സരമായിരുന്നു ആദ്യ സെമി. ഏറ്റവും മികച്ച നീക്കം പിറന്നത് ഇരുപതാം മിനിറ്റിലാണ്. ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസിന്റെ ഒരു കിടിലന്‍ സേവാണ് ഒന്നാം പകുതിയുടെ ഹൈലൈറ്റ്.
നാഡര്‍ ചാഡ്‌ലിയുടെ ഒരു കോര്‍ണറിനുശേഷം ആല്‍ഡര്‍വയ്‌റല്‍ഡ് തൊടുത്ത തന്ത്രപരമായ ഗണ്ണര്‍ ശരിക്കും അവിശ്വസനീയമായാണ് ഹ്യൂഗോ ലോറിസ് വലത്തോട്ട് ചാടി തട്ടിയകറ്റിയത്. ലോറിസിന്റെ കൈയില്‍ തട്ടിയ പന്ത് വഴുതി പുറത്തേയ്ക്ക് പറക്കുകയായിരുന്നു. യുറഗ്വായ്‌ക്കെതിരായ ക്വാര്‍ട്ടര്‍ഫൈനലിലും ലോറിസ് സമാനമായൊരു സേവ് നടത്തിയിരുന്നു.
ഇംഗ്ലണ്ട് – ക്രൊയേഷ്യ സെമി ഫൈനലിലെ വിജയിയാണ് കലാശപ്പോരാട്ടത്തില്‍ ഫ്രാന്‍സിന്റെ എതിരാളി. മികച്ച ഫ്രീകിക്ക്, കോര്‍ണര്‍ അവസരങ്ങള്‍ കിട്ടിയിട്ടും ഗോള്‍ വല കുലുക്കാനാകാതെ പോയതാണ് ബെല്‍ജിയത്തിന് തിരിച്ചടിയായത്.
പരസ്പരം വിറപ്പിച്ച് ബെല്‍ജിയവും ഫ്രാന്‍സും കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്‍പിറന്നിരുന്നില്ല. മത്സരത്തിന്റെ തുടക്കത്തില്‍ ബെല്‍ജിയത്തിന്റെ കളിക്കരുത്തിന് മുന്നില്‍ അല്‍പം പതറിയെങ്കിലും പിന്നീട് മികച്ച രീതിയില്‍ ഫ്രാന്‍സ് തിരിച്ചുവരികയായിരുന്നു.
https://twitter.com/Futbol_Matrix/status/1016749879870345217