| Wednesday, 30th November 2022, 10:53 pm

തോറ്റെങ്കിലും ഗ്രൂപ്പില്‍ ഒന്നാമതായി ലോക ചാമ്പ്യന്മാര്‍; ഫ്രാന്‍സും ഓസ്‌ട്രേലിയയും പ്രീക്വാര്‍ട്ടറില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിലെ തീപാറുന്ന പോരാട്ടങ്ങളില്‍ മറ്റൊരു ആവേശോജ്വലമായ വഴിത്തിരിവ് കൂടി. ഗ്രൂപ്പ് ഡിയിലെ സംഭവബഹുലമായ അവസാന മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ആഫ്രിക്കന്‍ കരുത്തരായ ടുണീഷ്യ അട്ടിമറിച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളാകും എന്ന് പ്രതീക്ഷിക്കപ്പെട്ട ഡെന്മാര്‍ക്ക്, ഓസ്‌ട്രേലിയക്ക് മുമ്പില്‍ പരാജയപ്പെട്ടു.

കിലിയന്‍ എംബാപ്പെ, അന്റോണിയോ ഗ്രീസ്മാന്‍, ഡെമ്പലെ മുതലായ പ്രമുഖരെ ഒന്നും ആദ്യ ഇലവനില്‍ ഉള്‍പെടുത്താതെയായിരുന്നു ഫ്രാന്‍സ് മത്സരത്തിന് ഇറങ്ങിയത്.

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് മൈതാനത്തിലേക്ക് ഇറങ്ങിയ ഫ്രഞ്ച് പടയെ വിറപ്പിക്കുന്ന മത്സരമാണ് ടുണീഷ്യ മത്സരത്തില്‍ ഉടനീളം പുറത്തെടുത്തത്. കളിയുടെ തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ച് തുടങ്ങിയ ടുണീഷ്യ നിരന്തരം ഫ്രഞ്ച് ഗോള്‍ മുഖത്തേക്ക് അക്രമണങ്ങള്‍ ഉതിര്‍ത്തു.

ഒടുവില്‍ 58ാം മിനിട്ടില്‍ അനിവാര്യമായത് സംഭവിച്ചു. വഹ്ബി കാസിരിയുടെ ഗോളില്‍ ടുണീഷ്യ മത്സരം സ്വന്തമാക്കി. അപകടം മണത്ത ഫ്രാന്‍സ് സൂപ്പര്‍ താരങ്ങളെ മുഴുവന്‍ കളത്തിലിറക്കിയെങ്കിലും വിജയം മാത്രം അകന്നു നിന്നു. എന്നാല്‍ ജയിച്ചെങ്കിലും ടുണീഷ്യ ലോകകപ്പില്‍ നിന്ന് പുറത്തായി.

ഡെന്മാര്‍ക്ക്-ഓസ്‌ട്രേലിയ മത്സരത്തില്‍ ഡെന്മാര്‍ക്ക് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞു നിന്നു. 60ാം മിനിട്ടില്‍ ഓസ്‌ട്രേലിയന്‍ താരം മാത്യു ലേക്കി കിട്ടിയ അവസരം മുതലാക്കി. മാത്യുവിന്റെ ഏക ഗോളില്‍ ഡെന്മാര്‍ക്കിനെ അട്ടിമറിച്ച് ഓസ്‌ട്രേലിയ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

 

Content Highlight: France and Australia in the pre-quarters of Group G in the World Cup

We use cookies to give you the best possible experience. Learn more