ഇസ്‌ലാമാബാദ്: പാകിസ്താനില്‍ താമസമാക്കിയ ഫ്രഞ്ച് പൗരന്‍മാരോടും കമ്പനികളോടും ഉടന്‍ രാജ്യം വിടണമെന്ന നിര്‍ദ്ദേശവുമായി ഫ്രാന്‍സ് നയതന്ത്ര കാര്യാലയം.
പ്രവാചക നിന്ദ നടത്തിയെന്നാരോപിക്കപ്പെടുന്ന ഫ്രഞ്ച് കാര്‍ട്ടൂണിനെതിരെ പാകിസ്താനില്‍ പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തിലാണ് പൗരന്‍മാരോട് താല്‍ക്കാലികമായി പാകിസ്താനില്‍ നിന്ന് മാറി നില്‍ക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തീവ്ര ഇസ്‌ലാമിസ്റ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണി സാധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ പാകിസ്താനില്‍ താമസമാക്കിയ എല്ലാ പൗരന്‍മാരോടും തല്‍ക്കാലം രാജ്യം വിടാന്‍ വ്യാഴാഴ്ച തന്നെ നിര്‍ദ്ദേശം നല്‍കിയതായി ഫ്രഞ്ച് എംബസി അറിയിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസീനെതിരെ പാകിസ്താനില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം പ്രക്ഷോഭം നടത്തിയ സംഘത്തിന്റെ നേതാവായ സാദ് റിസ്‌വിയെ പൊലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
തിങ്കളാഴ്ചയോടെയാണ് പ്രക്ഷോഭം ശക്തമായതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടരെയുള്ള കലാപത്തില്‍, സാരമായി പരിക്കേറ്റ ഒരു പൊലീസുകാരനും പ്രക്ഷോഭം നടത്തിയ സംഘത്തിലെ ഒരാളും കൊല്ലപ്പെട്ടിരുന്നു.
പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന സാദ് റിസ്‌വിയെ വിട്ടുകിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് സമരാനുകൂലികള്‍ പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം ഉള്‍പ്പെടെയുള്ളവ പ്രയോഗിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക