| Wednesday, 6th November 2024, 10:22 pm

'അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമര സേനാനിയെ കൊന്നുകളഞ്ഞതാണ്'; കുറ്റസമ്മതം നടത്തി ഇമ്മാനുവല്‍ മാക്രോണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: അള്‍ജീരിയന്‍ സ്വാതന്ത്ര്യ സമര സേനാനിയെ 1957ല്‍ കൊലപ്പെടുത്തിയെന്ന് സമ്മതിച്ച് ഫ്രാന്‍സ്. ‘ലാര്‍ബി ബെന്‍ മിദി’യെ അറസ്റ്റ് ചെയ്തതിന് ശേഷം ഫ്രഞ്ച് സൈനികര്‍ കൊലപ്പെടുത്തിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സമ്മതിച്ചു.

ഫ്രാന്‍സിന്റെ കോളനിവത്കരണത്തിനെതിരായ അള്‍ജീരിയയുടെ പ്രതിരോധത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന നേതാവായിരുന്നു ലാര്‍ബി ബെന്‍ മിദി.

ലാര്‍ബി ബെന്‍ മിദി

യുദ്ധത്തിന്റെ 70-ാം വാര്‍ഷികത്തില്‍ ഫ്രഞ്ച് സൈനികരുടെ ക്രൂരത ഇമ്മാനുവല്‍ മാക്രോണ്‍ തുറന്ന് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഫ്രാന്‍സിന്റെ കുറ്റസമ്മതം ഫ്രഞ്ച് പ്രസിഡന്‍സിയാണ് ലോകത്തെ അറിയിച്ചത്. മുന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 1957ല്‍ അറസ്റ്റിലായ ബെന്‍ മിദി പിന്നീട് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയും ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ മരണപ്പെടുകയുമായിരുന്നു.

എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റ് നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം രാജ്യത്തെ സൈനികര്‍ മിദിയെ കൊല്ലുകയായിരുന്നു.

അതേസമയം അള്‍ജീരിയയുമായി ഫ്രഞ്ച് പ്രസിഡന്റ് അനുരഞ്ജനത്തിന് ഒരുങ്ങുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017ല്‍ അധികാരത്തിലേറിയ ഇമ്മാനുവല്‍ മാക്രോണ്‍ ആദ്യം ഘട്ടം മുതല്‍ക്കേ അള്‍ജീരിയയുമായി അനുരഞ്ജനത്തിന് ശ്രമം നടത്തുന്നുണ്ട്.

ഇതിന്റെ ഭാഗമായി ചരിത്രകാരനായ ബെഞ്ചമിന്‍ സ്റ്റോറയുടെ നേതൃത്വത്തില്‍ ഫ്രാന്‍സ് ഭരണകൂടം ഒരു സമിതി രൂപികരിച്ചു. ഈ സമിതി ഫ്രഞ്ച് പ്രസിഡന്റിന് മുമ്പാകെ ഒരു ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ 1954 മുതല്‍ 1962 വരെ നീണ്ടുനിന്ന യുദ്ധത്തില്‍ ആഫ്രിക്കന്‍ രാജ്യത്തോട് മാപ്പുപറയാന്‍ ഫ്രാന്‍സ് തയ്യാറായില്ല. പശ്ചാത്താപം, ക്ഷമ തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സമിതി ശുപാര്‍ശ നല്‍കിയത്.

തുടര്‍ന്ന് 2022ല്‍ അള്‍ജീരിയയോട് ഇമ്മാനുവല്‍ മാക്രോണ്‍ ഉന്നയിച്ച ചോദ്യം ആഫ്രിക്കന്‍ രാജ്യത്തെ പ്രകോപിപ്പിച്ചു. ഫ്രാന്‍സിന്റെ കോളനിയായിരുന്ന കാലഘട്ടത്തില്‍ നിങ്ങള്‍ ഒരു രാജ്യമെന്ന നിലയില്‍ ഐക്യപ്പെട്ടിരുന്നോ എന്നാണ് മാക്രോണ്‍ ചോദിച്ചത്.

ഇത് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുല്‍മദ്ജിദ് ടെബൗണുമായി മാക്രോണ്‍ പുലര്‍ത്തിയിരുന്ന ബന്ധത്തില്‍ വിള്ളലുണ്ടാക്കുകയും ചെയ്തു.

Content Highlight: France admits to killing Algerian freedom fighter in 1957

We use cookies to give you the best possible experience. Learn more