പാരീസ്: ഫ്രാന്‍സ് തീവ്രവാദ ഗ്രൂപ്പുകളെന്ന് ആരോപിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തിപ്പെടുത്തി ഫ്രഞ്ച് സര്‍ക്കാര്‍. ഫ്രാന്‍സില്‍ പ്രവൃത്തിക്കുന്ന 76ലധികം പള്ളികള്‍ വിഘടനവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി സംശയമുണ്ടെന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു. തീവ്രവാദ ഗ്രൂപ്പുകളെ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരും ദിവസങ്ങളില്‍ സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ നിരീക്ഷണങ്ങള്‍ ശക്തമാക്കുമെന്നും ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ പള്ളികള്‍ അടച്ചുപൂട്ടിക്കുമെന്നും ദര്‍മാനിന്‍ പറഞ്ഞു.
തീവ്രവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതായി സംശയം തോന്നിയ 66 കുടിയേറ്റക്കാരെ തിരിച്ചയച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഒക്ടോബറില്‍ ലോകത്താകമാനം ഇസ്‌ലാം മതം വലിയ പ്രതിസന്ധി നേരിടുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇസ്‌ലാമിക വിഘടനവാദത്തെ തടയാന്‍ അദ്ദേഹം നടപടികളും ശക്തമാക്കിയിരുന്നു. ഇമ്മാനുവല്‍ മാക്രോണിന്റെ നടപടികളില്‍ പലതും വലിയ എതിര്‍പ്പുകള്‍ക്ക് ഇടയാക്കിയിരുന്നു.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്‌ലിങ്ങള്‍ ഉള്ളത് ഫ്രാന്‍സിലാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാന്‍സില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥയില്‍ പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയിലാണ് ഇവരില്‍ പലരും.
ഒക്ടോബര്‍ 20ന് പ്രവാചകന്‍ മുഹമ്മദിന്റെ കാര്‍ട്ടൂണ്‍ കാണിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് പാരീസിലെ ഒരു പ്രമുഖ മുസ്‌ലിം പള്ളി അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു.
പാരീസിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഈ പള്ളിയിലെ അധികൃതന്‍ കൊല്ലപ്പെട്ട അധ്യാപകനെ വിമര്‍ശിച്ചുകൊണ്ട് വീഡിയോ പുറത്തു വിട്ടിരുന്നു. അധ്യാപകന്‍ കൊല്ലപ്പെടുന്നതിനു മുമ്പായിരുന്നു ഈ വീഡിയോ പുറത്തു വന്നത്. ആറുമാസത്തേക്കാണ് പള്ളി അടച്ചു പൂട്ടുന്നതെന്നാണ് ഫ്രാന്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
ഫ്രാന്‍സിന്റെ ശത്രുക്കള്‍ക്ക് ഇനി ഒരു മിനുട്ട് പോലും സമയം നല്‍കില്ലെന്നായിരുന്നു അന്ന് ഫ്രാന്‍സ് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്റെ പ്രതികരണം. വിവാദമായ ഷാര്‍ലേ ഹെബ്ദോ മാഗസിനിലെ കാര്‍ട്ടൂണാണ് അധ്യാപകന്‍ ക്ലാസില്‍ കാണിച്ചത്. കാര്‍ട്ടൂണ്‍ കാണിക്കുന്നതിന് മുമ്പേ മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമെങ്കില്‍ ക്ലാസില്‍ നിന്ന് പുറത്തുപോവാമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു. പ്രവാചക നിന്ദ ആരോപിക്കപ്പെടുന്ന ഷാര്‍ലെ ഹെബ്ദോയുടെ കാര്‍ട്ടൂണുകള്‍ സെപ്റ്റംബറിലാണ് പുനഃപ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.