റൊണാള്‍ഡോ ആഴ്‌സണലില്‍ പന്തുതട്ടും; ക്രിസ്റ്റ്യാനോയെ അടുത്തുനിര്‍ത്തി കളി പറഞ്ഞ് ഫ്രാങ്ക് വാറന്‍ 
Sports News
റൊണാള്‍ഡോ ആഴ്‌സണലില്‍ പന്തുതട്ടും; ക്രിസ്റ്റ്യാനോയെ അടുത്തുനിര്‍ത്തി കളി പറഞ്ഞ് ഫ്രാങ്ക് വാറന്‍ 
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th December 2023, 9:16 am

 

സൂപ്പര്‍ താരവും അല്‍ നസര്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ ആഴ്‌സണലില്‍ കളിക്കുമെന്ന് തമാശപൂര്‍വം പറഞ്ഞ് ബ്രിട്ടീഷ് ബോക്‌സിങ് മാനേജറും പ്രൊമോട്ടറുമായ ഫ്രാങ്ക് വാറന്‍. ശനിയാഴ്ച റിയാദില്‍ റൊണാള്‍ഡൊക്കൊപ്പം മാധ്യമങ്ങളെ കാണവെയാണ് വാറന്‍ ഇക്കാര്യം പറഞ്ഞത്.

റൊണാള്‍ഡോ പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ പോവുകയാണെന്നും അദ്ദേഹം ഗണ്ണേഴ്‌സിനായി കളിക്കുമെന്നുമായിരുന്നു വാറന്‍ പറഞ്ഞത്. വാറന്റെ വാക്കുകള്‍ കേട്ട് റൊണാള്‍ഡോ ചിരിച്ചുപോയിരുന്നു. സ്‌പോര്‍ട്‌സ് ബൈബിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അവന്‍ (റൊണാള്‍ഡോ) ആഴ്‌സണലുമായി കരാറിലെത്താന്‍ ഒരുങ്ങുകയാണ്,’ വാറന്‍ പറഞ്ഞു.

റൊണാള്‍ഡോ ആഴ്‌സണലുമായി കരാറിലെത്തണമെന്ന് പിയേഴ്‌സ് മോര്‍ഗനും നേരത്തെ പറഞ്ഞിരുന്നു.

‘നിങ്ങളെക്കൊണ്ടാകുന്ന രീതിയിലെല്ലാം കളിയാക്കുക. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടപ്പോള്‍ അവനെ ടീമിലെത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ നമ്മള്‍ കിരീടം നേടുമായിരുന്നു. മേജര്‍ ട്രോഫികള്‍ നേടേണ്ടത് എങ്ങനെയാണെന്ന് അവനറിയാം. അവശ്യമുള്ളപ്പോള്‍ ഗോള്‍ നേടേണ്ടത് എങ്ങനെയെന്നും അവന് നന്നായി അറിയാം.

 

 

കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോയെ ടീമിലെത്തിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആഴ്‌സണല്‍ ആരാധകര്‍ എന്നെ പരിഹസിച്ചിരുന്നു. അവര്‍ ഇപ്പോഴും ചിരിക്കുന്നുണ്ടോ?’ പിയേഴ്‌സ് മോര്‍ഗന്‍ ചോദിച്ചു.

അതേസമയം, സൗദി പ്രോ ലീഗില്‍ ക്രിസ്റ്റിയാനോയുടെ ചിറകിലേറി അല്‍ നസര്‍ കുതിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് അല്‍ നസര്‍ വിജയിച്ചുകയറിയത്. അല്‍ അവ്വല്‍ പാര്‍ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല്‍ ഇത്തിഫാഖിനെയാണ് റോണോയുടെ മഞ്ഞപ്പട തോല്‍പിച്ചുവിട്ടത്.

അല്‍ നസറിനായി അലക്‌സ് ടെല്ലസ്, മോഴ്‌സെലോ ബ്രോസോവിച്ച്, ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ ഗോള്‍വല ചലിപ്പിച്ചപ്പോള്‍ മുഹമ്മദ് അല്‍ കുവായ്കിബിയാണ് അല്‍ ഇത്തിഫാഖിന്റെ ആശ്വാസ ഗോള്‍ നേടിയത്.

നിലവില്‍ 17 മത്സരത്തില്‍ നിന്നും 13 ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 40 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. 18 മത്സരത്തില്‍ നിന്നും അഞ്ച് പോയിന്റുള്ള അല്‍ ഹിലാലാണ് ഒന്നാമത്.

ഡിസംബര്‍ 26നാണ് സൗദി പ്രോ ലീഗില്‍ അല്‍ അലാമിയുടെ അടുത്ത മത്സരം. പ്രിന്‍സ് അബ്ദുള്ള അല്‍-ഫൈസല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഇത്തിഹാദാണ് എതിരാളികള്‍.

 

Content Highlight: Fran Warren jokes about Cristiano Ronaldo joining Arsenal